പൊലീസിന്റെ മെഗാ കാമറാ ശൃംഖല വരുന്നു, റോഡില്‍ ഇറങ്ങിയാല്‍ നിരീക്ഷണത്തിലാകും

 തിരുവനന്തപുരം: വാഹനങ്ങളുടെ അമിതവേഗം പിടിക്കാന്‍ ദേശീയപാതകളിലും സംസ്ഥാനത്തെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും സ്മാര്‍ട്ട് കാമറകളും റഡാര്‍ കാമറകളും വരുന്നു. നിലവില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളേക്കാള്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താനാണ് ഇവ. എത്ര വേഗതയിലായാലും നമ്പര്‍ പ്‌ളേറ്റിന്റെ ഉള്‍പ്പെടെ വ്യക്തതയുള്ള ചിത്രം പകര്‍ത്തും. ആള്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്‍ബലത്തോടെയാണ് സ്മാര്‍ട്ട് കാമറകളുടെ പ്രവര്‍ത്തനം. ഇത്തരം 820 സ്മാര്‍ട്ട് കാമറകളാണ് പല കേന്ദ്രങ്ങളിലായി സ്ഥാപിക്കുക. ഇതിനു പുറമേയാണ് ഏറ്റവുമധികം അപകടം നടക്കുന്ന ബ്ലാക്ക്‌സ്‌പോട്ടുകളില്‍ 200 റഡാര്‍ കാമറകള്‍. മൂവി കാമറ പോലെ സ്റ്റാന്‍ഡില്‍ ഉറപ്പിക്കാവുന്നവയാണ് റഡാര്‍കാമറ. നമ്ബര്‍ പ്‌ളേറ്റ് കാപ്ചര്‍ കാമറകള്‍ അഞ്ഞൂറിടത്ത്. ഗതഗാത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ 120 സ്ഥലങ്ങളില്‍ വേറെയും കാമറകളുണ്ടാകും. 300 കോടി ചെലവു വരുന്ന പദ്ധതി കേരള പൊലീസിന്റെ ഏറ്റവും വലിയ നിരീക്ഷണ കാമറാ നെറ്റ്‌വര്‍ക്കാണ്. ആഗോള ടെന്‍ഡറിനു മുന്നോടിയായുള്ള പ്രീബിഡ് യോഗത്തില്‍ മൂന്ന് വിദേശ കമ്ബനികള്‍ ഉള്‍പ്പെടെ ആറ് കമ്ബനികള്‍ പങ്കെടുത്തു. കുറ്റവാളികളെ തിരിച്ചറിയാനും ട്രാഫിക് നിയമലംഘനം സ്വയം കണ്ടെത്താനും അത്യാധുനിക സോഫ്റ്റ്‌വെയറും ഒരുക്കും. സംസ്ഥാനം മുഴുവന്‍ ഒറ്റ നിരീക്ഷണ നിയന്ത്രണ സംവിധാനത്തിനു കീഴിലാക്കാന്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ സ്ഥാപിക്കും. പത്തു വര്‍ഷത്തെ അറ്റകുറ്റപ്പണി സഹിതമാണ് കരാര്‍ ഉറപ്പിക്കുക. ഇതിനൊപ്പം അമിതവേഗം കണ്ടെത്താനുള്ള 60 എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങളും വാങ്ങും. ജര്‍മ്മനി, ഖത്തര്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ പൊലീസിന് സാങ്കേതികസഹായം നല്‍കുന്ന കമ്ബനികളാണ് പദ്ധതിയില്‍ താത്പര്യമറിയിച്ചത്. കെല്‍ട്രോണും രംഗത്തുണ്ട്. 14ന് ടെന്‍ഡര്‍ തുറക്കും. കാമറ സ്ഥാപിക്കാന്‍ പ്രയാസമുള്ള ഹൈവേകളുടെ വശങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് വാഹനവും റഡാര്‍ കാമറയുമായി നിന്നാല്‍, വാഹനങ്ങളുടെ അമിതവേഗം കാമറ കണ്ടെത്തി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും. ദൃശ്യങ്ങളില്‍ നിന്ന് സ്ഥിരം കുറ്റവാളികളുടെ മുഖം തിരിച്ചറിഞ്ഞ് പൊലീസിനെ അലര്‍ട്ട് ചെയ്യുന്ന സെന്‍സര്‍ സംവിധാനമുള്ള സോഫ്റ്റ്‌വെയറുകളും വാങ്ങും. സ്ഥിരം കുറ്റവാളികളുടെ വിവരങ്ങളടങ്ങിയ ഡിജിറ്റല്‍ ഡാറ്റാബേസ് ഈ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്നതോടെ കുറ്റവാളികളെ കണ്ടെത്തുന്നത് എളുപ്പമാകും. ചുവന്ന സിഗ്‌നല്‍ ലൈറ്റുകള്‍ മറികടക്കുക, ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ ചിത്രം പകര്‍ത്തി കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കും. പിഴയൊടുക്കാനുള്ള നോട്ടീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഇവരുടെ വിലാസത്തിലേക്ക് അയയ്ക്കും. ഇതും തുടര്‍നടപടികളും ഡിജിറ്റലായിരിക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ കൂടുകയോ ലൈസന്‍സ് റദ്ദാക്കപ്പെടുകയോ ചെയ്യാം. റോഡിലെ തിരക്കിന് അനുസരിച്ച് സിഗ്‌നലുകളുടെ സമയം സ്വയം ക്രമീകരിക്കുന്ന സെന്‍സറുകളടങ്ങിയ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം സജ്ജമാക്കും. തിരക്കില്ലാത്തപ്പോള്‍ സിഗ്‌നല്‍ ഓഫാക്കി മറുവശത്തു നിന്നുള്ള വാഹനങ്ങളെ സ്വയം കടത്തിവിടും. അത്യാവശ്യഘട്ടത്തില്‍ ഒരുവശത്ത് ഗ്രീന്‍ചാനല്‍ സംവിധാനമൊരുക്കാം. മനുഷ്യബുദ്ധി വേണ്ടുന്ന ജോലികള്‍ ചെയ്യാനുള്ള യന്ത്രത്തിന്റെ കഴിവാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. വിവേകം, തിരിച്ചറിയല്‍, തീരുമാനം, സംസാരം, വിശകലനം, വിവരണം, ഭാഷാവിവര്‍ത്തനം തുടങ്ങിയവയെല്ലാം ഇതിലൂടെ സാധിക്കും. ഇന്റലിജന്റ് കാമറകള്‍ സ്ഥാപിക്കുന്നതോടെ വാഹനത്തിനകത്ത് ഉള്ളവരുടെ ചിത്രവും പകര്‍ത്താനാവും. ഇതോടെ അപകടങ്ങള്‍ കുറയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍