അയോധ്യ: സമവായ ചര്‍ച്ചകള്‍ ഫലംകണ്ടില്ല; മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് നല്‍കി

ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ ചര്‍ച്ചകള്‍ ഫലംകണ്ടില്ല. അയോധ്യയിലെ ഭൂമിതര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നു വിഷയം പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് നല്‍കി. മുദ്ര വച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വെള്ളിയാഴ്ച ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കും വിഷയങ്ങള്‍ പഠിക്കുന്നതിനുമായി സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് എഫ്.എം. ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിയില്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരാണ് അംഗങ്ങള്‍. മധ്യസ്ഥചര്‍ച്ചകള്‍ക്കായി ഫൈസാബാദില്‍ പ്രത്യേക സ്ഥലവും സൗകര്യവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സജ്ജമാക്കി നല്‍കണം. പൂര്‍ണമായും രഹസ്യമായി വേണം ചര്‍ച്ചകളും മറ്റുനടപടികളും നടത്താന്‍. എല്ലാ നടപടികളും കാമറയില്‍ റിക്കാര്‍ഡ് ചെയ്യണം. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനു മാധ്യമങ്ങള്‍ക്കു പൂര്‍ണ വിലക്കും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏര്‍പ്പെടുത്തി. മാധ്യമങ്ങള്‍ മുഖേന എന്തെങ്കിലും പ്രസിദ്ധപ്പെടുത്തണമെങ്കില്‍ പ്രത്യേക ഉത്തരവുകള്‍ പ്രകാരം ചെയ്യാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അയോധ്യ കേസ് ഭൂമിതര്‍ക്കം മാത്രമായാണ് കാണുന്നതെന്നു സുപ്രീം കോടതി നേരത്തെ നിലപാട് സ്വീകരിച്ചിട്ടുണ്ട്.സുപ്രീംകോടതി മുഖേന നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകളോടു മുസ്ലിം വിഭാഗത്തില്‍ പെട്ട കക്ഷികള്‍ അനുകൂലിച്ചെങ്കിലും കോടതിയുടെ നിര്‍ദേശത്തെ ഹൈന്ദവസംഘടനകള്‍ എതിര്‍ത്തിരുന്നു. മധ്യസ്ഥ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും പൊതുജനങ്ങള്‍ അംഗീകരിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ എതിര്‍പ്പ് അറിയിച്ചത്. പൊതുജനങ്ങളുടെ ഹിതപരിശോധനയ്ക്കായി പബ്ലിക് നോട്ടീസ് പുറത്തിറക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍