മന്‍മോഹന്‍ സിംഗ് ഇടക്കാല അധ്യക്ഷനായേക്കും

ന്യൂഡല്‍ഹി:കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പരിഗണിക്കുന്നതായി വിവരം. നിലവിലെ സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ വര്‍ക്കിംഗ് പ്രസിഡന്റ് ആക്കാനും സാധ്യതയുണ്ട്. ശനിയാഴ്ച യോഗം ചേരാനിരിക്കെ പേരുകളില്‍ ധാരണയില്‍ എത്താനുള്ള ചര്‍ച്ചകളിലാണ് നേതാക്കള്‍. നിരവധി പേരുകളാണ് അധ്യക്ഷ പദവിയിലേക്ക് നേതാക്കള്‍ ഉന്നയിച്ചത്. പരിചയ സമ്പന്നരും യുവാക്കളുമായി നിരവധി പേരുകള്‍ വന്നതില്‍ നിന്നും അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഒറ്റ പേരിലേക്ക് എത്താനായില്ല. തുടര്‍ന്നാണ് സമവായ നീക്കമെന്നോണം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിലേക്ക് എത്തിയതെന്നാണ് വിവരം.എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവ്, ബി.ജെ.പി നീക്കങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ കഴിയുന്ന നേതാവ് എന്നീ വിലയിരുത്തലുകളോടെയാണ് നീക്കം. വര്‍ക്കിംഗ് പ്രസിഡന്റായി ഊര്‍ജ്ജസ്വലനും ഗാന്ധി കുടുംബത്തോട് അടുത്തുനില്‍ക്കുന്ന നേതാവെന്ന നിലയിലും കെ.സി വേണുഗോപാലിനെ നിയമിച്ചേക്കും. മന്‍മോഹന്‍സിങ് മാറി നില്‍ക്കുകയാണെങ്കില്‍ വേണുഗോപാല്‍ അധ്യക്ഷന്‍ ആകാനും സാധ്യതയുണ്ട് എന്നാണ് വിവരം. അങ്ങനെയെങ്കില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ആയി സുശീല്‍ കുമാര്‍ ഷിന്‍ ഡെ,മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്‌നിക് എന്നിവരില്‍ ഒരാള്‍ വന്നേക്കും. എന്നാല്‍ മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗത്തിന് വേണുഗോപാല്‍ വരുന്നതില്‍ എതിര്‍പ്പുണ്ട്.കെ.സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം വിളിച്ച ജനറല്‍സെക്രട്ടറിമാരുടെ യോഗത്തില്‍ നിന്ന് ചില നേതാക്കള്‍ വിട്ടുനിന്നിരുന്നു. അതേസമയം പ്രിയങ്ക അധ്യക്ഷയായി വരണമെന്ന ആവശ്യം ഉന്നയിക്കുന്ന വലിയ ഭാഗം നേതാക്കളുണ്ട്. പ്രിയങ്ക ഇല്ലെങ്കില്‍ സച്ചിന്‍ പൈലറ്റോ ജോതിരാദിത്യ സിന്ധ്യയോ വരട്ടെ എന്നാണ് നിലപാട്. അനൗദ്യോഗിക ചര്‍ച്ചകളില്‍ ധാരണയിലെത്തി പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിക്കാനാണ് നീക്കം. ആദ്യം ഇടക്കാല അധ്യക്ഷനെ തെരഞ്ഞെടുത്ത് പിന്നീട് അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍