കശ്മീര്‍ ബില്‍: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം, പ്രതിഷേധം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇതു സംബന്ധിച്ച് നിര്‍ണായക ബില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷം ബഹളം വച്ചത്. ബില്‍ ചര്‍ച്ച ചെയ്യാത്തതിനെതിരെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയത്.ബില്‍ അവതരണത്തിന് മുന്‍പേ തന്നെ സഭ പ്രതിപക്ഷ പ്രതിഷേധത്താല്‍ ശബ്ദമുഖരിതമായിരുന്നു. എന്നാല്‍, ബില്‍ അമിത് ഷാ അവതരിപ്പിക്കുകയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഉത്തരവ് സഭയ്ക്കു മുന്‍പാകെ എത്തുകയും ചെയ്തതോടെ പ്രതിപക്ഷ പ്രതിഷേധം കനത്തു. അംഗങ്ങള്‍ ശാന്തരാകണമെന്ന സ്പീക്കര്‍ വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശം അംഗങ്ങള്‍ വകവെച്ചില്ല. പ്രതിപക്ഷ ബഹളത്തിനിടെ ജമ്മു കശ്മീരിനെ സംബന്ധിച്ച് മൂന്ന് സുപ്രധാന ബില്ലുകളാണ് അമിത്ഷാ രാജ്യസഭയില്‍ കൊണ്ടുവന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എയില്‍ നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുക, ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുക തുടങ്ങിയവയാണ് അത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍