കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി: ജില്ലയില്‍ 3.65 ലക്ഷം കുടുംബങ്ങള്‍

മലപ്പുറം: കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള കണക്കു പ്രകാരം ജില്ലയില്‍ 365,275 കുടുംബങ്ങള്‍ അംഗങ്ങളായി. 19,764 രോഗികള്‍ക്ക് 15.1 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കി. ആര്‍.എസ്.ബി.വൈ ചിസ് പദ്ധതിയില്‍ അംഗങ്ങളായിരുന്ന 91 ശതമാനം കുടുംബങ്ങളും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു കാര്‍ഡ് കൈപ്പറ്റി. ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് പഞ്ചായത്ത്/മുന്‍സിപ്പല്‍ തല ക്യാമ്പുകള്‍ വഴി ആഗസ്റ്റ് 31 വരെ പദ്ധതിയില്‍ ചേരാം. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കോംപ്രഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള (ചിയാക്) ആണ് പദ്ധതി നടപ്പിലാക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി ഏപ്രില്‍ ഒന്നു മുതലാണ് നടപ്പിലാക്കി വരുന്നത്. കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ലഭിക്കും. പദ്ധതിയില്‍ ചേരുന്ന കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ല. ഓരോ കുടുംബാംഗത്തിനും പ്രത്യേകം പേപ്പര്‍ കാര്‍ഡുകള്‍ നല്‍കും. കുടുംബത്തിലെ ഒരംഗമെങ്കിലും കാര്‍ഡ് ആഗസ്റ്റ് 31ന് മുമ്പ് എടുത്താല്‍ മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. മറ്റു അംഗങ്ങള്‍ക്ക് ചികിത്സ ആവശ്യമായി വരുന്ന പക്ഷം കൂട്ടിച്ചേര്‍ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവരാണ് കൂട്ടിച്ചേര്‍ക്കാന്‍ വരുന്നതെങ്കില്‍ റേഷന്‍ കാര്‍ഡിലുള്ള അംഗവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 50 രൂപയാണ് ഗുണഭോക്തൃ വിഹിതമായി ഒരു കുടുംബം നല്‍കേണ്ടത്. പഞ്ചായത്ത്/മുന്‍സിപ്പല്‍ തല ക്യാമ്പുകള്‍ വഴി പദ്ധതിയില്‍ ചേരുന്നതിനും, പിന്നീട് കൂട്ടിച്ചേര്‍ക്കുന്നതിനും റേഷന്‍കാര്‍ഡ്, നിലവിലുള്ള ആര്‍എസ്ബിവൈ ചിസ്സ്മാര്‍ട്ട് കാര്‍ഡ് അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ കത്ത്, ആധാര്‍കാര്‍ഡ് എന്നിവയുമായി നേരിട്ട്ഹാജരാകണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍