ആസാം പൗരത്വ രജിസ്റ്റര്‍ ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിക്കണം; കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ആസാം പൗരത്വ രജിസ്റ്റര്‍ പുനഃപരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി വീണ്ടും തള്ളി. പട്ടികയുടെ അന്തിമരൂപം ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിക്കണമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റീസ് റോഹിംഗ്ടണ്‍ നരിമാന്‍ എന്നിവര്‍ ഉള്‍പ്പെട്ടെ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. നിലവിലെ പട്ടികയിലേക്കു കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും ഓണ്‍ലൈനായി മാത്രമേ പ്രസിദ്ധീകരിക്കാനാവൂ. ഈ വിവരങ്ങള്‍ അന്നേ പുറത്തുവിടാവൂ. പട്ടികയുടെ സപ്ലിമെന്ററി ലിസ്റ്റിന്റെ ഹാര്‍ഡ് കോപ്പികളും ഉള്‍പ്പെടുത്തലുകളും ഉത്തരവാദിത്തപ്പെട്ട ജില്ലാ ഓഫീസര്‍മാര്‍ക്കു നല്‍കണം. കേന്ദ്ര, സംസ്ഥാന, കോര്‍ഡിനേറ്റിംഗ് ഉദ്യോഗസ്ഥര്‍ മാത്രമേ പട്ടിക കൈകാര്യ ചെയ്യാവൂ എന്നിങ്ങനെ പോകുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍.ആധാര്‍ വിവരങ്ങള്‍ക്ക് ലഭിക്കുന്ന പരിരക്ഷ, പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും ലഭിക്കണമെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. പട്ടികയില്‍ അര്‍ഹരല്ലാത്തവര്‍ കടന്നുകൂടിയെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരും ആസാം സര്‍ക്കാരും പട്ടിക പുനപരിശോധിക്കാന്‍ അനുമതി തേടിയത്. ഇന്ത്യ ലോകത്തിന്റെ അഭയാര്‍ഥി തലസ്ഥാനമാകാന്‍ അനുവദിക്കില്ലെന്ന് കേസിന്റെ വാദം കേള്‍ക്കുന്നതിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍