ചിദംബരം സെപ്തംബര്‍ 2 വരെ സി.ബി.ഐ കസ്റ്റഡിയില്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് 5ന്

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌ സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പി. ചിദംബരത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി സെപ്തംബര്‍ അഞ്ചിന് തീരുമാനമെടുക്കും. അതുവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് ആര്‍. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിര്‍ദ്ദേശം നല്‍കി. സെപ്തംബര്‍ 2 വരെ ചിദംബരം സി.ബി.ഐ കസ്റ്റഡിയില്‍ തുടരും. റിമാന്‍ഡിനെതിരായ ഹര്‍ജിയില്‍ തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും.ചിദംബരത്തിനെതിരായി ശേഖരിച്ച തെളിവുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ മുദ്ര വച്ച കവറില്‍ സുപ്രീംകോടതിയ്ക്ക് കൈമാറാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് നിര്‍ദേശിച്ചു. ഇത് പരിശോധിച്ച ശേഷമായിരിക്കും ഹര്‍ജിയില്‍ തീരുമാനമെടുക്കുക.ചോദ്യങ്ങളോട് ചിദംബരം സഹകരിക്കുന്നില്ലെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ഇന്നലെയും വാദിച്ചു. ഐ.എന്‍.എക്‌സ് മീഡിയ കേസിലെ ബാക്കി എല്ലാ പ്രതികളും സാധാരണ നടപടിക്രമമനുസരിച്ചാണ് ജാമ്യം തേടിയതെന്നും ആര്‍ക്കും മുന്‍കൂര്‍ജാമ്യം നല്‍കിയിട്ടില്ലെന്നുമായിരുന്നു വാദം. ചോദ്യം ചെയ്യലിന്റെ രേഖകളും അതിന് ചിദംബരം നല്‍കിയ മറുപടികളും എന്‍ഫോഴ്‌സ്‌മെന്റിനോട് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന് ചിദംബരത്തിന്റെ അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിംഗ്‌വിയും ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍