എയര്‍ഇന്ത്യ എക്‌സ്പ്രസിന് 166 കോടി രൂപ ലാഭം

 നെടുമ്പാശേരി: എയര്‍ ഇന്ത്യ യുടെ ഉപസ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 166 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഇന്ധനം വാങ്ങല്‍ച്ചെലവ് വര്‍ദ്ധിച്ചിട്ടും ലാഭത്തിന്റെ റണ്‍വേയില്‍ പറക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. മാതൃകമ്പനിയായ എയര്‍ ഇന്ത്യ നഷ്ടത്തില്‍ തുടര്‍ന്നിട്ടും തുടര്‍ച്ചയായ നാലാംവര്‍ഷവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാഭം രുചിച്ചു.എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രവര്‍ത്തനച്ചെലവില്‍ 40 ശതമാനവും ഇന്ധനം വാങ്ങാനാണ്. കഴിഞ്ഞവര്‍ഷം ഇതിന്റെ യൂണിറ്റ് ചെലവ് 35 ശതമാനം വര്‍ദ്ധിച്ചു. ഈ പ്രതികൂല കാലാവസ്ഥയ്ക്കിടയിലും മൊത്ത വരുമാനം 16.07 ശതമാനം ഉയര്‍ന്നുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ കെ. ശ്യാംസുന്ദര്‍ പറഞ്ഞു. 2018 സെപ്തംബറിലും ഒക്ടോബറിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓരോ വിമാനങ്ങള്‍ അധികമായി സര്‍വീസിന് എടുത്തിരുന്നു. ബംഗളൂരു, കണ്ണൂര്‍, സൂററ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുകയും ചെയ്തു. ബോയിംഗ് 737800 വിഭാഗത്തിലുള്ള 25 വിമാനങ്ങള്‍ കമ്പനിക്കുണ്ട്. 13 വിദേശ നഗരങ്ങളിലേക്കും 20 അഭ്യന്തര വിമാന താവളങ്ങളിലേക്കുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്.പ്രതികൂല കാലാവസ്ഥയിലും ലാഭത്തിന്റെ റണ്‍വേയില്‍ പറന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 16.07 ശതമാനം വര്‍ദ്ധനയോടെ 4,202 കോടി രൂപ മൊത്തവരുമാനം നേടി. മുന്‍വര്‍ഷം ഇത് 3,620 കോടി രൂപയായിരുന്നു.കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പറന്നത് 43.6 ലക്ഷം പേര്‍. വര്‍ദ്ധന 12 ശതമാനം. അന്താരാഷ്ട്ര യാത്രികരുടെ എണ്ണം 10.5 ശതമാനം ഉയര്‍ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍