രണ്ടു റൂട്ടുകളില്‍ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്താന്‍ അനുമതി നല്‍കി

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടുറൂട്ടുകളിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഡല്‍ഹിമുംബൈ, ഡല്‍ഹിഹൗറ റൂട്ടുകളിലാണ് ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാന്‍ അനുമതിയായത്. 2023ഓടെ ഈ റൂട്ടുകളിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കും.
ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാനുള്ള റെയില്‍വേയുടെ നടപടികളുടെ ഭാഗമായാണ് ആദ്യഘട്ടത്തില്‍ ഈ റൂട്ടുകളില്‍ വേഗം ഉയര്‍ത്തുന്നത്. മിഷന്‍ റാഫ്ത്താര്‍ എന്ന പേരില്‍ ട്രെയിനുകളുടെ വേഗമുയര്‍ത്താനുള്ള പ്രവൃത്തികള്‍ക്ക് റെയില്‍വേ നേരത്തെ രൂപം നല്‍കിയിരുന്നു. യാത്രാ ട്രെയിനുകളുടെ വേഗം പരമാവധി 60 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
വേഗം ഉയര്‍ത്താനും സുരക്ഷാക്രമീകരണങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള പ്രവൃത്തികള്‍ക്കായി ഡല്‍ഹിമുംബൈ, ഡല്‍ഹിഹൗറ റൂട്ടുകളില്‍ യഥാക്രമം 6806 കോടി രൂപയും 6685 കോടി രൂപയും ചിലവ് വരുമെന്നാണ് കണക്കുക്കൂട്ടല്‍.
ഏഴ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഡല്‍ഹിമുംബൈ റെയില്‍പാതയുടെ ദൈര്‍ഘ്യം 1483 കിലോമീറ്ററാണ്. ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററായി ഉയര്‍ത്തുന്നതോടെ ഡല്‍ഹിക്കും മുംബൈക്കും ഇടയിലെ യാത്രസമയത്തില്‍ മൂന്നരമണിക്കൂറോളം കുറവുണ്ടാകും. പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ പുതിയ സെമിഹൈസ്പീഡ് ട്രെയിനുകളും ഈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കും.
1525 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹിഹൗറ റെയില്‍പാത അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പുതിയ വേഗത്തില്‍ ട്രെയിനുകള്‍ ഓടിതുടങ്ങിയാല്‍ ഈ റൂട്ടിലെ യാത്രസമയത്തില്‍ അഞ്ചുമണിക്കൂറോളം ലാഭിക്കാം. പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വന്ദേഭാരത് എക്‌സ്പ്രസ് അടക്കമുള്ള അതിവേഗ ട്രെയിനുകളും ഈ റൂട്ടില്‍ സര്‍വീസ് തുടങ്ങിയേക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍