മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 123 അടിയായി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. ഇന്ന് രാവിലെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 123 അടിയായി. ശക്തമായ മഴ തുടര്‍ന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ ജലനിരപ്പ് 120 അടി പിന്നിടുമെന്നായിരുന്നു കണക്കുകൂട്ടല്‍ എങ്കിലും ജലനിരപ്പ് ഇതിലും ഉയരുകയായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു കനത്ത മഴയാണുള്ളത്. സെക്കന്റില്‍ 15,000ല്‍ അധികം ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ വൈകുന്നേരം 118 അടിയായിരുന്നു ജലനിരപ്പ്. ഇന്നലെ രാവിലെ ആറിന് 116 അടിയായിരുന്നു ജലനിരപ്പ.് വനത്തിനുള്ളിലെ കനത്ത മഴയാണ് ഡാമിലെ ജലനിരപ്പ് പെട്ടന്നുയരാന്‍ കാരണം. 142 അടിയാണു നിലവില്‍ അണക്കെട്ടിന്റെ സംഭരണ ശേഷി. ഇതില്‍ കൂടുതല്‍ വെള്ളമുയര്‍ന്നാല്‍ അണക്കെട്ട് തുറന്നു വിടും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2329.24 അടിയാണ്. ഇടുക്കി അണക്കെട്ടില്‍ ഒരു ദിവസം കൊണ്ട് മൂന്നടി വെള്ളമാണ് ഉയര്‍ന്നത്.ഈരാറ്റുപേട്ടയിലും ഉരുള്‍പൊട്ടി, നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നു. ഇതിനിടെ കേന്ദ്ര ജല കമ്മിഷന്‍ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. മൂന്നാറും മാങ്കുളവും മറയൂരും കോഴിക്കോട് തെങ്ങിലക്കടവും അട്ടപ്പാടിയും പൂര്‍ണമായി ഒറ്റപ്പെട്ടു. ഭവാനി, ശിരുവാണി, വരഗാര്‍ പുഴകള്‍ കരകവിഞ്ഞു . റോഡും വൈദ്യുത ബന്ധങ്ങളും തകര്‍ന്നു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമാണ്. റണ്‍വേയില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് തടസപ്പെട്ട നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം ഊര്‍ജിതമായി. സംസ്ഥാനത്ത് എല്ലാ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്തമഴയും വെള്ളപ്പൊക്കവും റെയില്‍ റോഡ് ഗതാഗതത്തെയും ബാധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍