രാജിവച്ചവര്‍ ഇന്ന് ആറ് മണിക്ക് മുമ്പ് സ്പീക്കര്‍ക്ക് മുന്നിലെത്തണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: രാജിവച്ച 10 വിമത എം.എല്‍.എമാരോടും ഇന്ന് ആറ് മണിക്ക് മുമ്പ് കര്‍ണാടക നിയമസഭാ സ്പീക്കര്‍ രമേശ് കുമാറിന് മുന്നില്‍ ഹാജരാകാന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. സ്പീക്കറെ കാണാനെത്തുന്ന ഇവര്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോടും കോടതി നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ മുംബയിലെ സ്വകാര്യ ഹോട്ടലില്‍ കഴിയുന്ന എം.എല്‍.എമാര്‍ ഉടന്‍ തന്നെ ബംഗളൂരുവില്‍ എത്തുമെന്നാണ് കരുതുന്നത്. രാജിവച്ചെങ്കിലും തങ്ങളെ നേരിട്ട് കാണാന്‍ സ്പീക്കര്‍ കൂട്ടാക്കുന്നില്ലെന്ന് കാട്ടി 10 വിമത എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കണമെന്നും ഇക്കാര്യം നാളെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.അതേസമയം. വിമത എം.എല്‍.എമാരെ തിരികെ കൊണ്ടുവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇന്ന് വൈകിട്ട് രാജിവച്ചേക്കുമെന്ന സൂചനകളുണ്ടായെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത്തരം തീരുമാനം ഉണ്ടാകില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വിമതരുടെ രാജിക്കാര്യത്തില്‍ 17ന് മാത്രമേ സ്പീക്കറുടെ തീരുമാനമുണ്ടാകൂ. അതുവരെ സര്‍ക്കാര്‍ നിലനിറുത്താനാണ് ശ്രമം. എന്നാല്‍ അനിശ്ചിതാവസ്ഥ ഇനിയും നീട്ടാനാവില്ലെന്നും മന്ത്രിസഭ രാജിവയ്ക്കുന്നതാണ് നല്ലതെന്നും ബംഗളൂരുവിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് നേതാക്കളോട് പറഞ്ഞതായി സൂചനയുണ്ട്. അതേസമയം കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പദത്തിലെത്താനാണ് രാജിയെന്നും പറയുന്നുണ്ട്. രാജിവച്ച എം.എല്‍.എ മാരില്‍ നല്ലൊരുഭാഗം സിദ്ധരാമയ്യയോട് അടുപ്പം പുലര്‍ത്തുന്നവരാണ്. രാജിവച്ച് ബദല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയില്ലെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനായി ശുപാര്‍ശ ചെയ്യാനും കുമാര സ്വാമി ശ്രമിക്കുമെന്നറിയുന്നു. എന്നാല്‍ മന്ത്രിസഭയ്ക്ക് സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട സ്ഥിതിക്ക് ശുപാര്‍ശ ഗവര്‍ണര്‍ വജുഭായ് വാല അംഗീകരിക്കണമെന്നില്ല. ജനതാദള്‍ (എസ്) കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് പുതിയ നേതാവിനെ തിരഞ്ഞെടുത്താലും ഇവരില്‍ നിന്നാരെയും മന്ത്രിസഭ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാന്‍ സാദ്ധ്യതയില്ല. ഭൂരിപക്ഷം തെളിയിക്കാനാകും ഗവര്‍ണര്‍ ആവശ്യപ്പെടുക. 16 എം.എല്‍.എ മാര്‍ രാജിവച്ച സ്ഥിതിക്ക് ഭൂരിപക്ഷത്തിന് 105 പേരുടെ പിന്തുണ മതി. ബി.ജെ.പിക്ക് അതുണ്ടുതാനും. അതേ സമയം ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണ 100 ആയി കുറഞ്ഞു. മൂന്നു എം.എല്‍.എ മാര്‍ കൂടി രാജിവയ്ക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. രാജിവച്ച കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഢിയുടെ മകളും ബംഗളൂരുവിലെ ജയനഗര്‍ എം.എല്‍.എയുമായ സൗമ്യ റെഡ്ഡി, കാനാപുര്‍ എം.എല്‍.എ അഞ്ജലി നിംബാക്കര്‍, ചിക്കോടി എം.എല്‍.എ ഗണേഷ് ഹക്കേരി എന്നിവര്‍ കൂടി രാജിവയ്ക്കുമെന്നാണ് അഭ്യൂഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍