നടിയെ പെരുവഴിയില്‍ ഇറക്കിവിട്ടു; യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

കോല്‍ക്കത്ത: പ്രമുഖ ബംഗാളി യുവ നടിയെ യൂബര്‍ കാറില്‍നിന്നും വലിച്ചിറക്കി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ടെലിവിഷന്‍ താരം സ്വാസ്തിക ദത്തയാണ് പരാതിയുമായി രംഗത്തെത്തിയത്. ബുധനാഴ്ച ഷൂട്ടിംഗിനായി പോകുമ്പോഴാണ് ഡ്രൈവര്‍ ഭീഷണിപ്പെടുത്തുകയും കാറില്‍നിന്നും വലിച്ചിറക്കുകയും ചെയ്തതെന്ന് ഇവര്‍ പറയുന്നു. തനിക്കുണ്ടായ ദുരനുഭവം നടി ഫേസ്ബുക്കില്‍ കുറിച്ചു. ഡ്രൈവറുടെ ചിത്രവും ഫേസ്ബുക്ക് കുറിപ്പിനൊപ്പം സ്വാസ്തിക ചേര്‍ത്തിരുന്നു. തെക്കന്‍ കോല്‍ക്കത്തയിലെ റാനിയയില്‍ ഷൂട്ടിംഗിനു പോകാനായി ബുധനാഴ്ച രാവിലെയാണ് ഓണ്‍ലൈന്‍ വഴി ടാക്‌സി ബക്ക് ചെയ്തതെന്നു സ്വാസ്തിക പറയുന്നു. വീട്ടില്‍നിന്നും ഷൂട്ടിംഗ് സ്ഥലത്തേക്ക് കാറില്‍ പുറപ്പെട്ടെങ്കിലും പാതി വഴിയില്‍ സര്‍വീസ് അവസാനിപ്പിച്ച ഡ്രൈവര്‍ തന്നോട് അവിടെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. താന്‍ വിസമ്മതിച്ചപ്പോള്‍ കാര്‍ എതിര്‍വശത്തേക്ക് തിരിച്ച് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാന്‍ പുറപ്പെട്ടു. അശ്ലീല ഭാഷയില്‍ സംസാരിക്കാനും തുടങ്ങി. പെട്ടെന്ന് ഡോര്‍ തുറന്ന് അയാള്‍ തന്നെ തള്ളിയിറക്കുകയും ചെയ്തു. ദേഷ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചു വരുത്തി. എന്നാല്‍ ഷൂട്ടിംഗിന് എത്താന്‍ വൈകുമെന്നതിനാല്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് നില്‍ക്കാതെ പെട്ടെന്നു തന്നെ സെറ്റിലെത്തുകയായിരുന്നു. പിന്നീട് പിതാവിനോട് സംസാരിച്ച് നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് തീരുമാനിച്ചു. കോല്‍ക്കത്തയിലെ ഇഎം ബൈപാസിനടുത്തുള്ള ഒരു റെസ്റ്റോറന്റിനു സമീപം രാവിലെ 8.15 മുതല്‍ 8.45 വരെയുള്ള സമയത്താണ് ഈ നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയതെന്നും നടി പറയുന്നു. ജംഷദ് എന്നു പേരുള്ള ഡ്രൈവറുടെ ഫോട്ടോയും ഫോണ്‍ നമ്പറും കാറിന്റെ നമ്പര്‍ പ്ലേറ്റും സഹിതമായിരുന്നു നടിയുടെ കുറിപ്പ്. ടാക്‌സി ബുക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടും ഫേസ്ബുക്കില്‍ ഇവര്‍ പങ്കുവച്ചു. നടിയുടെ പരാതിയില്‍ ജംഷദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍