ഇത് കപില്‍ തന്നെ; ഫസ്റ്റ് ലുക്കുമായി രണ്‍വീര്‍

വെള്ള ജഴ്‌സിയിട്ട് ബോളുമായി തീക്ഷ്ണ നോട്ടത്തോടെ നില്‍ക്കുന്ന രണ്‍വീറിന്റെ ചിത്രം കണ്ടാല്‍ 80കളിലെ കപില്‍ദേവ് തന്നെയാണെന്ന് തോന്നിപ്പോകും. ഹരിയാന കൊടുങ്കാറ്റ് കപില്‍ ദേവിനെ ഇതാ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് രണ്‍വീര്‍ ഫസ്റ്റ് ലുക്ക് ട്വിറ്ററില്‍ പങ്കുവച്ചത്. 83ലെ കപില്‍ദേവാകാന്‍ വേണ്ടി താരം കഠിനമായി വ്യായാമം ചെയ്യുന്നുണ്ട്. ഇതിനുപുറമെ, ഇതിഹാസ താരത്തിന്റെ ഒപ്പം ചെലവഴിച്ച് അദ്ദേഹത്തിന്റെ ശരീരഭാഷയും മറ്റും മനസിലാക്കുകയും ചെയ്തു. വിദഗ്ധരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും സാങ്കേതിക വിദഗ്ധരും ചേരുന്നതോടെ യഥാര്‍ത്ഥ കപിലിനോട് ഏറ്റവുമധികം സാമ്യമുള്ള കഥാപാത്രത്തെ തന്നെ സ്‌ക്രീനില്‍ കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ചിത്രത്തില്‍ കപിലിന്റെ ഭാര്യ റോമി ഭാട്ടിയ ആയി വേഷമിടുന്നത് രണ്‍വീറിന്റെ പ്രിയതമ കൂടിയായ ദിപീക പദുക്കോണാണ്. ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തായി വേഷമിടുന്നത് തമിഴ് താരം ജീവയാണ്. ബല്‍വീന്ദര്‍ സിംഗ് സന്ദുവായി പഞ്ചാബി താരം ആമി വിര്‍കും അഭിനയിക്കും.റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. ബജ്‌റംഗി ഭായ്ജാന്‍, ഏക് ഥാ ടൈഗര്‍, ട്യൂബ് ലൈറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കബീര്‍ ഖാന്റെ സംവിധാന കരിയറിലെ നാഴികക്കല്ലാവും 83യെന്നാണ് കരുതുന്നത്. സ്‌പോര്‍ട്‌സ് പ്രമേയമായി പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ വച്ച് ഏറ്റവും ചെലവ് കൂടിയ ചിത്രമായിരിക്കും 83യെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രം 2020 ഏപ്രില്‍ 10ന് തിയറ്ററുകളിലെത്തും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍