ബി.ജെ.പി രാജ്യത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുന്നു: യെച്ചൂരി

പയ്യന്നൂര്‍ : മതനിരപേക്ഷത , ജനാധിപത്യം എന്നിവയെല്ലാം അട്ടിമറിച്ച് രാജ്യത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. രാജ്യത്തിന്റെ മതതരത്വ ത്തിനും ജനാധിപത്യത്തിനും ഭീഷണിയാവുന്ന വലതുപക്ഷ ഏകീകരണത്തിനെതിരെയുള്ള ബദല്‍ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നത് ഇടതുപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.രാമന്തളി കുന്നരു കാരന്താട് സി.വി. ധനരാജിന്റെ മൂന്നാം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വവും ജനാധിപത്യവും തകര്‍ത്ത് രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാണ് ബി ജെ പി ശ്രമിക്കുന്നത്.ബി ജെ പി ആര്‍.എസ്എസിന്റെ ഉപകരണം മാത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ വിദ്യാഭ്യാസനയം അയുക്തവും അശാസ്ത്രീയവുമാണ്.ഇത് ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്ക് നയിക്കും. വര്‍ഗീയ ശക്തികള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമാണ് ഉണ്ടായത്. എന്നാല്‍ കേരളവും തമിഴ്‌നാടും അവര്‍ക്ക് കനത്ത തിരിച്ചടി നല്‍കി. ഒരു എം.എല്‍.എക്ക് 100 കോടിയിലേറെ രൂപ വില നിശ്ചയിക്കുന്ന കുതിരക്കച്ചവടമാണ് ബി.ജെ.പി.നടത്തുന്നത്. ഇത് ജനാധിപത്യമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണ.ത്തില്‍ മുഴുവന്‍ ജനതയും അതൃപ്തിയിലായിരുന്നു.പുല്‍വാമ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യരക്ഷയുടെ പേരു പറഞ്ഞ് എതിര്‍പ്പ് മറികടക്കുകയാണ് ബി.ജെ.പി.ചെയ്തത്. സൈനിക നടപടി പോലും തിരഞ്ഞെടുപ്പില്‍ ദുരുപയോഗപ്പെടുത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 27000 കോടിയാണ് ബി.ജെ. പി.ചെ ലവഴിച്ചത്.ഈ പണം നല്‍കിയ കുത്തകകള്‍ക്കു വേണ്ടിയാണ് ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത്.46 പൊതുമേഖലാ സ്ഥാപനങ്ങളാണ് വില്പനക്ക് വെച്ചത്.
ധനരാജ് സ്മാരക മന്ദിരവും ധനരാജ് സ്തൂപവും സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ടി.ഐ.മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു.പി.കെ.ശ്രീമതി ടീച്ചര്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു.എം.വി.ജയരാജന്‍ പതാക ഉയര്‍ത്തി. സി. കൃഷ്ണന്‍ എം.എല്‍.എ, വി.നാരായണന്‍, പി.സന്തോഷ്, കെ.പി.മധു, പണ്ണേരി രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.കെ.വിജീഷ് സ്വാഗതം പറഞ്ഞു.നേരത്തെ ബഹുജന പ്രകടനവും ഉണ്ടായി. ധനരാജ് രക്തസാക്ഷി സ്തൂപം നിര്‍മ്മിച്ച ശില്‍പി ഉണ്ണികാനായിക്ക് സീതാറാം യെച്ചൂരി ഉപഹാരം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍