നവകേരള നിര്‍മ്മാണത്തിന് സമവായം വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന്റെയാകെ സഹകരണത്തോടും പിന്തുണയോടും പ്രളയാനന്തര കേരളം പുനഃസൃഷ്ടിക്കാന്‍ പൊതുസമവായം ഉയര്‍ന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേതൃപരമായ പങ്ക് സര്‍ക്കാര്‍ വഹിക്കുമ്പോള്‍ പൊതുവായ അഭിപ്രായം ഉരുത്തിരിയുന്നതില്‍ മാദ്ധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട 'റീബില്‍ഡ് കേരള' കര്‍മ പദ്ധതികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രാധിപന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നവകേരള നിര്‍മ്മാണത്തില്‍ കേന്ദ്രത്തെ ഒന്നിച്ചുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു ഘട്ടത്തില്‍ സഹായം ലഭിച്ചില്ലെന്നു കരുതി വീണ്ടും ചോദിക്കാതിരിക്കില്ല. പ്രളയദുരന്തമുണ്ടായി ഒരു വര്‍ഷമാകുകയാണ്. പുനരധിവാസവുമായി ബന്ധപ്പെട്ട സഹായങ്ങള്‍ നല്‍കിവരുന്നു. വീടുകളുടെ പുനര്‍നിര്‍മാണവും പുരോഗമിക്കുകയാണ്. പ്രളയാനന്തര സഹായവുമായി ബന്ധപ്പെട്ട് 2019 ജനുവരി 31 വരെ 1,35,000 അപ്പീല്‍ ലഭിച്ചിരുന്നു. തീയതി നീട്ടിയപ്പോള്‍ അപ്പീല്‍ പ്രളയമായി. ലോറികളില്‍ വന്ന് അപ്പീല്‍ തന്ന സംഭവമുണ്ടായി. ഒടുവില്‍ രണ്ടരലക്ഷത്തോളം അപ്പീലുകളാണ് വന്നത്. ഇതില്‍ അര്‍ഹതയുള്ള ആള്‍ക്കാര്‍ ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സഹായം ലഭിക്കുംവിധം സംരക്ഷിക്കും.ലോക ബാങ്കിന്റേതുള്‍പ്പെടെയുള്ള ടീമുമായി വിവിധ വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് 'റീബില്‍ഡ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാം' രേഖ തയ്യാറാക്കിയത്. ഈ രേഖ അന്തിമമല്ല. വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇനിയും ചേര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതുവായ നന്മയ്ക്കും വികസന കാര്യങ്ങള്‍ക്കും ഒന്നിച്ചുനില്‍ക്കാനും സമവായത്തോടെ മുന്നോട്ടുപോകാനും കഴിയണം. ഇക്കാര്യങ്ങളില്‍ മാദ്ധ്യമങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് 'റീബില്‍ഡ് കേരള' കര്‍മപദ്ധതിയുടെ ഭാഗമായി ചെയ്തുവരുന്നതും ചെയ്യാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സി.ഇ.ഒ ഡോ. വി. വേണു യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന്, പത്രാധിപന്‍മാര്‍ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സംശയങ്ങളും പങ്കുവച്ചു. എഡിറ്റര്‍മാരുടെ അഭിപ്രായങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. കേരളത്തിലെ പത്ര, ദൃശ്യ മാദ്ധ്യമ എഡിറ്റര്‍മാരും മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരുമാണ് യോഗത്തില്‍ സംബന്ധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍