മലയാളം സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു സുപ്രീംകോടതി അനുമതി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയ്ക്ക് ആസ്ഥാനമന്ദിരം നിര്‍മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനെതിരായി സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ ഫയലില്‍ സ്വീകരിക്കാതെ സുപ്രീംകോടതി തള്ളി. ഭൂമി ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മലയാളം സര്‍വകലാശാലയ്ക്ക് മുന്നോട്ടു പോകാമെന്ന ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ പരാതിയാണ് സുപ്രീംകോടതി തള്ളിയത്. സര്‍വകലാശാല ഫയല്‍ ചെയ്ത റിട്ട് അപ്പീലില്‍ മാര്‍ച്ച് 29ന് ആയിരുന്നു ഹൈക്കോടതി വിധി. തങ്ങളുടെ സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ഭൂവുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടയില്‍, വസ്തു വില്‍ക്കണമെങ്കില്‍ സ്വന്തം നിലയ്ക്ക് വിറ്റുകൂടേയെന്ന് കോടതി ആരാഞ്ഞു. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു സര്‍വകലാശാല പോലും സ്ഥാപിക്കാമല്ലോയെന്നും കോടതി പരിഹാസരൂപേണ ഹര്‍ജിക്കാരോട് ആരാഞ്ഞു. വസ്തു വില്‍ക്കാന്‍ വേണ്ടി കോടതിയെ സമീപിക്കുന്ന ആദ്യത്തെ ഹര്‍ജിക്കാരാണ് നിങ്ങളെന്നും കോടതി പറഞ്ഞു. ഇതോടെ സര്‍വകലാശാല കണ്ടെത്തിയ വെട്ടം വില്ലേജിലെ മാങ്ങാട്ടിരിയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിനുണ്ടായിരുന്ന നിയമ തടസങ്ങളും രാഷ്ട്രീയ കരുനീക്കങ്ങളും നീങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍