ഡേവിസ് കപ്പ് ടെന്നീസ് ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക്

ന്യൂഡല്‍ഹി: ഡേവിസ് കപ്പ് പോരാട്ടത്തിനായി ഇന്ത്യന്‍ ടീം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ (എഐടിഎ) സെക്രട്ടറി ജനറല്‍ ഹിരോണ്‍മയ് ചാറ്റര്‍ജി അറിയിച്ചു. 55 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ ടീം ഡേവിസ് കപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനിലെത്തുന്നത്. ശരിയാണ്, ഞങ്ങള്‍ പാക്കിസ്ഥാനില്‍ പോകുന്നുണ്ട്. അതു രണ്ടു രാഷ്ട്രങ്ങളുടെ പരമ്പരയല്ല. ടെന്നീസിന്റെ ലോകകപ്പാണ് അതുകൊണ്ട് പോയേ പറ്റൂ. ലോക ടൂര്‍ണമെന്റായതിനാല്‍ ഇതിന് സര്‍ക്കാരുമായുള്ള സമ്പര്‍ക്കം ആവശ്യമില്ല. ഐഒസിയുടെ നിബന്ധന പാലിക്കുക മാത്രമാണ് ചെയ്യുന്നത് എഐടിഎ സെക്രട്ടറി പറഞ്ഞു. ടീമില്‍ ആറു കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും കോച്ചും പാക്കിസ്ഥാനിലേക്കു പോകുന്നുണ്ട്. ഞാനും ടീമിനൊപ്പം പാക്കിസ്ഥാനിലേക്കു പോകുന്നുണ്ട്. എല്ലാവര്‍ക്കുമായുള്ള വീസയ്ക്കുള്ള അപേക്ഷ സമര്‍പ്പിച്ചു. പാക്കിസ്ഥാന്‍ ഹോക്കി ടീം ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തി. അതുപോലെ ഞങ്ങള്‍ അങ്ങോട്ടും പോകുന്നു അദ്ദേഹം പറഞ്ഞു.ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഡേവിസ് കപ്പ് മത്സരക്രമമായത്. എന്നാല്‍ ഫെബ്രുവരി 14ന് പുല്‍വാമ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തെ സംബന്ധിച്ച് പ്രതീക്ഷകള്‍ മങ്ങിയിരുന്നു.
2007ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം ഇന്ത്യയില്‍നിന്നൊരു കായിക സംഘം പോലും പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടില്ല. 2006ല്‍ മുംബൈ ബര്‍ബോണ്‍ സ്‌റ്റേഡിയത്തിലാണ് ഡേവിസ് കപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെതിരേ മത്സരിച്ചത്. മത്സരത്തില്‍ ഇന്ത്യ 3-2നു ജയിച്ചിരുന്നു. പാക്കിസ്ഥാനെതിരേ ഹെഡ് ടു ഹെഡില്‍ 6-0ന് ഇന്ത്യമുന്നിലാണ്. അതേസമയം, പാക്കിസ്ഥാനെതിരേയുള്ള ഇന്ത്യന്‍ ടീമിനെ എഐടിഎ പ്രഖ്യാപിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍