ബാങ്കുകള്‍ വായ്പാ അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കണം: ജില്ലാ കളക്ടര്‍

തിരുവനന്തപുരം: വിവിധ വായ്പാ പദ്ധതികളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ബാങ്കുകള്‍ സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. 
ജില്ലാതല ബാങ്കിംഗ് അവലോകനസമിതിയോഗം ഹോട്ടല്‍ എസ്പി ഗ്രാന്റ്‌ഡേയ്‌സില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ ശ്രമിക്കണം. ജില്ലയിലെ നിക്ഷേപവായ്പാനുപാതം കൂട്ടണം. 
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍ നിന്നും വലിയ പലിശയ്ക്കു വായ്പയെടുക്കാതെ പലിശ കുറഞ്ഞ ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് വായ്പയെടുക്കുവാന്‍ വേണ്ട ധനകാര്യസാക്ഷരതാ ബോധവല്‍ക്കരണപരിപാടികള്‍ സാധാരണക്കാരുടെ ഇടയില്‍ വ്യാപകമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഡ് ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചീഫ് റീജിയണല്‍ മാനേജര്‍ ഇ. രാജകുമാര്‍, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ഏബ്രഹാം ഷാജി ജോണ്‍, റിസര്‍വ് ബാങ്ക് ലീഡ് ജില്ലാ ഓഫീസര്‍ വി. ജയരാജ്, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ മുഹമ്മദ് റിയാസ് എന്നിവര്‍ ബാങ്കുകളുടെ ജില്ലയിലെ പ്രവര്‍ത്തനം അവലോകനം ചെയ്തു.2018 19 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ ജില്ലയില്‍ 8856 കോടിരൂപ മുന്‍ഗണനാവായ്പ നല്‍കിയതായി ലീഡ്ബാങ്ക് അറിയിച്ചു. ഇതില്‍ 4568 കോടിരൂപ കാര്‍ഷിക മേഖലയിലും, 1609 കോടിരൂപ എംഎസ്എംഇ വിഭാഗത്തിലും, 2679 കോടിരൂപ ഇതരമുന്‍ഗണനാ മേഖലയിലും നല്‍കിയ വായ്പകളാണ്. 2018-19 ലെ വാര്‍ഷിക പദ്ധതിയില്‍ 89 ശതമാനം ലക്ഷ്യം നേടി. 65 ശതമാനമാണ് ജില്ലയിലെ വായ്പാനിക്ഷേപാനുപാതം. മാര്‍ച്ച് 31 വരെ ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 80585 കോടിരൂപയും, വായ്പ 52043 കോടിരൂപയുമാണ്. ജില്ലയില്‍ ആകെ 815 ബാങ്ക് ശാഖകളുണ്ട്.
കുടുംബശ്രീ അംഗങ്ങളുള്‍പ്പെടെയുള്ള സ്വയംസഹായസംഘങ്ങള്‍ ഒരേസമയം വിവിധ ഏജന്‍സികളില്‍നിന്നും വായ്പയെടുക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി യോഗം വിലയിരുത്തി. പലരും ഇതിനോടകം കടക്കെണിയില്‍പ്പെട്ടിരിക്കുന്നു. 
സ്വയംസഹായസംഘങ്ങളുടെ വായ്പകളിലും കുടിശിക വര്‍ധിക്കുകയും ജനങ്ങള്‍ വായ്പാകെണിയില്‍പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ യോഗം ഉത്കണ്ഠരേഖപ്പെടുത്തി. 
വിവിധ കേന്ദ്രസംസ്ഥാനാവിഷ്‌കൃത പദ്ധതികളിലെ വായ്പാവിതരണം യോഗം അവലോകനം ചെയ്തു. വിവിധ ബാങ്കുകളിലെ സീനിയര്‍ ഉദ്യോഗസ്ഥന്മാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജില്ലാതലഉദ്യോഗസ്ഥര്‍, വിവിധ ബ്ലോക്കുകളിലെ ധനകാര്യസാക്ഷരതാകൗണസിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍