ഇന്ത്യക്കെതിരായ തോല്‍വിക്ക് കാരണം 'ഹുക്കവലി'; പാക് ടീമിനെതിരെ കോടതിയില്‍ ഹര്‍ജി

 ഇസ്‌ലാമാബാദ്: ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ കനത്ത തോല്‍ വി പാക് ക്രിക്കറ്റ് ടീം ആരാധകര്‍ക്ക് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. മാഞ്ചെസ്റ്ററില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനാണ് പാക് പട ഇന്ത്യയോട് തോറ്റത്. മത്സരത്തലേന്നുള്ള താരങ്ങളുടെ ഹുക്ക വലിയാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്ന് ആരോപിച്ച് ഒരു പാക് അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഭക്ഷണത്തിലും ആരോഗ്യ സംരക്ഷണത്തിലും ശ്രദ്ധിക്കാത്തതാണ് മോശം പ്രകടനത്തിന് കാരണമാക്കിയതെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ അബ്ദുല്‍ ജലീല്‍ മര്‍വതാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കഫേയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടക്കമാണ് സിന്ധ് ഹൈക്കോടതിയില്‍ കോടതിയില്‍ ഹര്‍ജി വന്നിരിക്കുന്നത്. ഷോയബ് മാലിക്കിന്റെ ഭാര്യയും ടെന്നീസ് താരവുമായി സാനിയ മിര്‍സയുടെ പേരും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യ-പാക് മല്‍സരത്തിനു മണിക്കൂറുകള്‍ക്കു മാത്രം മുമ്പാണ് പാക് താരങ്ങളായ മാലിക്ക്, ഇമാദ് വാസിം, ഇമാം ഉള്‍ ഹഖ്, വഹാബ് റിയാസ് എന്നിവരെ വിംസ്‌ലോ റോഡിലെ ഒരു ഹുക്ക പാര്‍ലറില്‍ പുലര്‍ച്ചെ രണ്ടിന് കണ്ടുവെന്ന കുറിപ്പോടെ അലി ജാവേദ് എന്നയാള്‍ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകര്‍ പാക് ടീമിനെതിരെ രംഗത്തെത്തിയിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍