വിവരങ്ങള്‍ പരിശോധിക്കാന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി ബയോമെട്രിക് സംവിധാനം

കുവൈത്ത് സിറ്റി :കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നു. 'ഫേഷ്യല്‍ റെക്കഗ്‌നീഷ്യന്‍' സാങ്കേതിക വിദ്യ ഉപയോഗിച്ച് യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളുള്‍പ്പെടെ ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം. കുവൈത്ത് എയര്‍വെയ്‌സ് വിമാനങ്ങള്‍ക്കായുള്ള ടെര്‍മിനല്‍ നാലിലാണ് മൂന്നു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നത്.
നാലാം ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ചു ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യോമയാന വകുപ്പ് മേധാവി യൂസഫ് അല്‍ ഫൗസാന്‍ ആണ് കൈകാര്യം അറിയിച്ചത്. ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ കുവൈത്ത് സിവില്‍ വ്യോമയാന വകുപ്പ് നടപ്പാക്കുന്ന ബഹുമുഖ പദ്ധതികളുടെ ഭാഗമാണ് ബയോമെട്രിക് സ്‌ക്രീനിങ് ഏര്‍പ്പെടുത്തുന്നത്.
കുവൈത്ത് എയര്‍ വേസ് ടെര്‍മിനലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നു മാസം നടപ്പാക്കുന്ന സംവിധാനം വിജയകരമെന്ന് കണ്ടാല്‍ സ്ഥിരമായി സംവിധാനിക്കും. യാത്രക്കാരുടെ മുഖം സ്‌ക്രീന്‍ ചെയ്യുന്നതോടെ വ്യക്തിഗത വിവരങ്ങളും വിമാനം സംബന്ധിച്ചുള്ള വിവരങ്ങളുടെ ഉള്‍പ്പെടെ ലഭ്യമാവുമെന്നതാണ് ബയോമെട്രിക് സ്‌കാനിംഗ് കൊണ്ടുള്ള ഗുണം.
ബാഗേജ് തൂക്കം പരിശോധിക്കല്‍, പ്രവേശകവാടത്തിലെ സ്വീകരണം, ബാഗേജ് ഏറ്റുവാങ്ങല്‍ എന്നിവ കൂടുതല്‍ എളുപ്പവും ഫലപ്രദവുമാക്കാനും പുതിയ സംവിധാനം സഹായകമാകും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് രാജ്യത്തെ കുറിച്ചുള്ള മതിപ്പും എയര്‍പോര്‍ട്ട് സേവനങ്ങളെ കുറിച്ചുള്ള തൃപ്തിയും വര്‍ധിപ്പിക്കാനുതകുന്ന പരിഷ്‌കരണങ്ങള്‍ നടപ്പാക്കാനാണ് വ്യോമയാണവകുപ്പിന്റെ തീരുമാനം. ഇക്കാര്യത്തില്‍ രാജ്യാന്തര തലത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച വിമാനത്താവളങ്ങളുടെ മാതൃക പിന്‍പറ്റുമെന്നും .സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍