പ്രവാസികള്‍ക്കു വ്യവസായം ആരംഭിക്കാന്‍ ഏകജാലക സംവിധാനം ആരംഭിക്കണം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍

തിരുവനന്തപുരം: പ്രവാസികള്‍ക്കു നാട്ടില്‍ വ്യവസായം തുടങ്ങുന്ന തിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് ഏകജാലകസംവിധാനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബലിന്റെ നേതൃത്വത്തില്‍ പ്രവാസി കമ്മീഷന്‍, നോര്‍ക്ക റൂട്ട്‌സ് സിഇഒ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്കി. പ്രവാസി കേരളീയര്‍ക്ക് സംസ്ഥാനത്തിനുള്ളില്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമത്തിനാവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനും സര്‍ക്കാരും കമ്മീഷനുകളും കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നും ഇവര്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസി മലയാളി ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിളയുടെ നേതൃത്വത്തിലുള്ള സംഘം നല്കിയ നിവേദനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ: പ്രവാസി നിക്ഷേപകര്‍ക്ക് എല്ലാ വകുപ്പുകളില്‍ നിന്നും വേഗത്തില്‍ ക്ലിയറന്‍സ് ലഭിക്കാന്‍ ഗ്രീന്‍ കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തുക. സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തിനുവേണ്ടി എടുത്തിട്ടുള്ള ബാങ്ക് ലോണിന് ഒരു വര്‍ഷമെങ്കിലും മോറട്ടോറിയം നല്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. പ്രവാസികളുടെ പദ്ധതികള്‍ക്ക് അനുമതി നല്കുന്നതിന് ഐഎഎസ് റാങ്കിലുള്ള ഒരു നോഡല്‍ ഓഫീസറെ നിയമിക്കണം. മൂന്നു മാസത്തിലൊരിക്കല്‍ പ്രവാസി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാ തലത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കണം. വിദേശത്തുനിന്നു തിരികെ വരുന്ന പ്രവാസികളുടെ ഡേറ്റാ ബാങ്ക് ശേഖരിച്ച് പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുക. എന്‍ആര്‍ഐ സെല്‍ താലൂക്ക് തലത്തില്‍ വരെ പ്രവര്‍ത്തിപ്പിച്ചാല്‍ പ്രവാസികള്‍ക്ക് അവരുടെ ക്ഷേമനിധികളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും വിവരങ്ങള്‍ അറിയാന്‍ കഴിയും. ആ സാഹചര്യത്തില്‍ അതിനുള്ള നടപടികളും കൈക്കൊള്ളണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. വേള്‍ഡ് മലയാളി കൗണ്‍സില്‍, ഫോമാ, ഫൊക്കാന, ഗോപിയോ, പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് നിവേദനം സമര്‍പ്പിച്ചത്. ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, വൈസ് ചെയര്‍മാന്‍ അഡ്വ. സിറിയക് തോമസ്, അഡ്വ. ശിവന്‍ മഠത്തില്‍, ഷാജി ബേബി ജോണ്‍, അലക്‌സ് കോശി, ജോസ് കോലത്ത്, ഐസക് പ്ലാപ്പള്ളില്‍, ഹരി നമ്പൂതിരി, ഡോ. മനോജ്, സാം ജോസഫ്, അനില്‍ ജോസഫ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍