ഇനി ഭക്തി പടങ്ങള്‍ മാത്രം എടുക്കേണ്ടിവരും: നിയമസഭ സമിതിയെ വിമര്‍ശിച്ച് ബിജുമേനോന്‍

തിരുവനന്തപുരം: മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന നിയമസഭ സമിതിയുടെ ശുപാര്‍ശയെ വിമര്‍ശിച്ച് ചലച്ചിത്രതാരം ബിജുമേനോന്‍ രംഗത്ത്. ശുപാര്‍ശ നടപ്പായാല്‍ ഭക്തി പടങ്ങള്‍ മാത്രം എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ശുപാര്‍ശയെക്കുറിച്ച് സിനിമ മേഖല ഒരുമിച്ച് ആലോചിച്ച് തീരുമാനമെടുക്കണമെന്നും ബിജുമേനോന്‍ ആവശ്യപ്പെട്ടു. 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ' എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് പ്രസ്‌ക്ലബ് നടത്തിയ മുഖാമുഖം പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ബിജുമേനോന്‍. സിനിമയില്‍ അവതരിപ്പിച്ച സുനിയും താനുമായി ഒരുപാട് വ്യത്യാസമുണ്ടെന്നും, കുടുംബത്തോട് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന സുനിയല്ല ജീവിതത്തില്‍ താനെന്നും ബിജുമേനോന്‍ വ്യക്തമാക്കി.മലയാളികളുടെ ജീവിതത്തോട് ഏറെ അടുത്ത് കിടക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ സാധിച്ചുവെന്നതാണ് ഈ ചിത്രം നല്‍കുന്ന സന്തോഷമെന്നും ബിജു മേനോന്‍ പറഞ്ഞു. ചിത്രം വിജയിക്കാനുള്ള പ്രധാന കാരണം അതിന്റെ പേരാണെന്നും താരം വ്യക്തമാക്കി. 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ' എന്ന പേരായിരുന്നില്ല ആദ്യം തീരുമാനിച്ചിരുന്നത്. ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് നിര്‍മ്മാതാവ് സന്ദീപ് സേനനാണ് ഈ പേര് നിര്‍ദേശിച്ചതെന്നും ബിജുമേനോന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍