തൊഴിലാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ കസ്റ്റഡിയില്‍

തിരുവവനന്തപുരം : തലസ്ഥാനത്ത് കാറില്‍ സഞ്ചരിച്ച വ്യാപാരിയെ ആക്രമിച്ച് 183.5 സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ തൃശൂരില്‍ നിന്ന് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍. തലസ്ഥാനവാസിയായ ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇവര്‍ക്ക് സംഭവവുമായി നേരിട്ട് പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. കവര്‍ച്ചാസംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കവര്‍ച്ചയുടെ വിവരങ്ങള്‍ നേരത്തേ അറിയാമായിരുന്ന ഇവരാണ് സംഭവശേഷം സംഘത്തെ രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് പൊലീസിന് സൂചന ലഭിച്ചു. വിവിധ ജോലികള്‍ക്കായി തൃശൂരിലെത്തിയതാണ് ഇതരസംസ്ഥാന തൊഴിലാളികള്‍. അതേസമയം സംഭവം നടന്ന് ഒരാഴ്ചയാകുമ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പൊലീസിന് തലവേദനയാണ്. തൃശൂരും തമിഴ്‌നാട് ദിണ്ഡിഗലും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. നിലവില്‍ തൃശൂരും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.സ്വര്‍ണവ്യപാരിയായ ബിജു ഒരു വര്‍ഷത്തിലേറെയായി എല്ലാ തിങ്കളും വെള്ളിയും തൃശൂരില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നയാളാണ്. പിറ്റേന്ന് പുലര്‍ച്ചെ എഗ്മോര്‍ എക്‌സ്പ്രസില്‍ തമ്പാനൂരിലെത്തുകയും അതിന് ശേഷം സ്വന്തം കാറില്‍ വീട്ടിലേക്ക് പോവുകയുമാണ് പതിവ്. ഇത് കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം ശ്രീവരാഹത്ത് വച്ചായിരുന്നു സംഭവം.കവര്‍ച്ചയ്ക്ക് ഉപയോഗിച്ച വാഹനം അന്ന് നെയ്യാറ്റിന്‍കരയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഖത്തറില്‍ ജോലിയുള്ള കോട്ടയം സ്വദേശിയുടേതാണ് ഈ വാഹനം. ഇയാള്‍ രണ്ട് വര്‍ഷം മുന്‍പ് വിറ്റതാണെന്നും പറയുന്നു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍