മുംബൈ മുങ്ങുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

മുംബൈ: പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുംബൈ വെള്ളത്തിനടിയില്‍പ്പെട്ടപ്പോള്‍ നിങ്ങളെവിടെയായിരുന്നെന്ന് അദ്ദേഹം പ്രവര്‍ത്തകരെ കുറ്റപ്പെടുത്തി. ഒരു പാര്‍ട്ടിയെന്ന നിലയില്‍ ജനങ്ങള്‍ക്ക് നമ്മളെ ആവശ്യമുള്ളപ്പോള്‍ അവരുടെ കൂടെയുണ്ടാവണമെന്നും എങ്കില്‍ മാത്രമേ പാര്‍ട്ടി വളരുകയുള്ളുവെന്നും ആദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനെതിരെ ആര്‍.എസ്.എസ് നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടാണ് രാഹുല്‍ഗാന്ധി മുംബൈയിലെത്തിയത്.
രാഷ്ട്രീയ സഖ്യങ്ങള്‍ക്കപ്പുറത്തേക്ക് നോക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നിങ്ങള്‍ എന്നോട് പറയാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ നേതാക്കളോട് ചോദിച്ചു.
മുംബൈ വിമാനത്താവളത്തിലെത്തിയ രാഹുല്‍ഗാന്ധി മസ്ഗാവ് സേവ്രി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് പോയി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയുള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ അനുഗമിച്ചു.അടുത്തിടെയാണ് രാഹുല്‍ ഗാന്ധി ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതിന് ശേഷമുള്ള അദ്യ പൊതുപരിപാടിയായിരുന്നു മുംബയിലേത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി പ്രാദേശിക നേതാക്കളുമായി സംസാരിച്ചു. കൂടാതെ പ്രകാശ് അബേദ്ക്കറും രാജ് താക്കറുമായും സഖ്യമുണ്ടാക്കുന്നതിന്റെ ഗുണ ദോഷ ഫലങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്തു. അദ്ധ്യക്ഷ പദവി ഒഴിഞ്ഞെങ്കിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി യോഗം ചേരാന്‍ അദ്ദേഹം ഖാര്‍ഖെയോട് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍