മഴയെയും പ്രളയത്തെയും അതിജീവിക്കുന്ന റോഡുകള്‍ക്ക് പ്രാമുഖ്യം നല്‍കും : മന്ത്രി

എടച്ചേരി: പുതുതായി നിര്‍മ്മിക്കുന്ന മുഴുവന്‍ റോഡുകള്‍ക്കും ആധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നും ഡിസൈന്‍ഡ് റോഡുകള്‍ക്കാണ് പ്രാധാന്യം നല്‍കുകയെന്നും പൊതുമരാമത്ത് വകുപ്പ്മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മഴയെയും പ്രളയത്തെയും അതിജീവിക്കുന്ന റോഡുകള്‍ക്ക് പ്രാമുഖ്യം നല്‍കും. വില്യാപ്പള്ളി എടച്ചേരി ഇരിങ്ങണ്ണൂര്‍ റോഡ് രണ്ടാം ഘട്ട പരിഷ്‌ക്കരണ പ്രവൃത്തി എടച്ചേരി മീശമുക്ക് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാദാപുരം മണ്ഡലത്തില്‍ മാത്രം 331 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ് പണം നല്‍കിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു. ദേശീയപാത നാല് വരിയാക്കാനുള്ള നടപടി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പുതിയ റെയില്‍വേ ലൈന്‍ 66000 കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ മുന്‍കൈയെടുക്കും. ഇതില്‍ 33000 കോടി കേരളം കേന്ദ്രത്തിന് നല്‍കും. പാലാരിവട്ടം പാലത്തിന്റെ അനുഭവം ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു. ഇരുപത് ശതമാനം കരാറുകാര്‍ മാത്രമേ കഴിവുള്ളവരായുള്ളൂ. കോണ്‍ട്രാക്ടര്‍ ലൈസന്‍സ് പരിഷ്‌ക്കരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇ.കെ. വിജയന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ഉത്തരമേഖല നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ്, നിരത്ത് വിഭാഗം എക്‌സി. എഞ്ചിനീയര്‍ ആര്‍. സിന്ധു, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. ബാലകൃഷ്ണന്‍, എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അരവിന്ദാക്ഷന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ. രാജന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍