കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വലിയ വിമാനങ്ങള്‍ക്ക് ഡി.ജി.സി.എ അനുമതി

കരിപ്പൂര്‍ :കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ഇന്ത്യ, എമിറേറ്റ്‌സ് എന്നിവയുടെ വലിയ വിമാനങ്ങള്‍ക്ക് ഡി.ജി.സി.എ അനുമതി നല്‍കി. റണ്‍വേ നവീകരണത്തിന്റെ പേരില്‍ നിര്‍ത്തലാക്കിയ എല്ലാ വലിയവിമാനങ്ങളും പുനരാരംഭിക്കാന്‍ ഇതോടെ അനുമതിയായി. വലിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച സുരക്ഷാ പരിശോധനകള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.റണ്‍വേ നവീകരണത്തിന്റെ പേരിലാണ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. നവീകരണ പ്രവര്‍ത്തികള്‍ക്ക് ശേഷം വലിയ വിമാനങ്ങള്‍ പുനരാരംഭിക്കുന്നത് വേണ്ടിയുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ പൂര്‍ണതോതില്‍ അനുമതി ആയിരിക്കുന്നത്. സൗദി എയര്‍ലൈന്‍സിന് പുറകെ എയര്‍ ഇന്ത്യയുടെയും എമിറേറ്റ്‌സിന്റെയും വലിയ വിമാനങ്ങള്‍ക്കാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്തിമ അനുമതി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡി.ജി.സി.യുടെ നിരാക്ഷേപ പത്രം ലഭിച്ചതായി വിമാനത്താവള ഡയറക്ടര്‍ ശ്രീനിവാസറാവു അറിയിച്ചു. ഇതോടൊപ്പം ഹജ്ജിന് വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്തുന്നതിനായി അപേക്ഷ നല്‍കിയ സൗദി എയര്‍ലൈന്‍സിനും ഡിജിസിഎ അനുമതി നല്‍കി. ഇതോടെ 2015 മെയ് ഒന്നുമുതല്‍ നിര്‍ത്തലാക്കിയ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാനാകും. എയര്‍ഇന്ത്യ, ജിദ്ദ റിയാദ് സെക്ടറിലും എമിറേറ്റ്‌സ് കോഴിക്കോട് ദുബൈ സെക്ടറിലുമാണ് സര്‍വീസ് നടത്തുക. രണ്ടു കമ്പനികളും ആറ് മാസത്തേക്ക് പകല്‍ മാത്രമേ സര്‍വീസ് നടത്താവൂ എന്നും ഡി.ജി.സി.എ നിര്‍ദേശിച്ചിട്ടുണ്ട്. വലിയ വിമാന സര്‍വ്വീസ് പുനാരരംഭിക്കുന്നത് സംബന്ധിച്ച് എയര്‍ ഇന്ത്യയുടെ സുരക്ഷാ പരിശോധനകള്‍ ഡിസംബര്‍ 20നും എമിറേറ്റ്‌സിന്റേത് മാര്‍ച്ച് നാലിനും പൂര്‍ത്തിയായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍