പാലാ ഉപതെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ ജോസ് കെ. മാണി വിഭാഗം

കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ ജോസ് കെ. മാണി വിഭാഗം. പാലായില്‍ ജോസഫ് വിഭാഗത്തെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തു. ഉപതെരഞ്ഞെടുപ്പില്‍ രണ്ട് ഇല ചിഹ്നത്തില്‍ തന്നെ കേരള കോണ്‍ഗ്രസ് എം. സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. പാര്‍ട്ടി രണ്ടായി പിളര്‍ന്ന സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പാലായില്‍ ജോസ് കെ. മാണി വിഭാഗം വിളിച്ചുചേര്‍ത്തത്. നിയോജക മണ്ഡലത്തില്‍ ഉള്ള ജോയി എബ്രഹാമിനെ പോലും യോഗത്തിലേക്ക് ക്ഷണിച്ചില്ല. ഏതുവിധേനയും ഉപതെരഞ്ഞെടുപ്പ് വിജയിക്കുക എന്ന ലക്ഷ്യമാണ് ജോസ് കെ. മാണി വിഭാഗത്തിലുള്ളത്.
ആയതിനാല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അണികള്‍ക്ക് ജോസ് കെ. മാണി നിര്‍ദ്ദേശം നല്‍കി. എല്ലാവരും അംഗീകരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി തന്നെയാകും പാലായില്‍ മത്സരിക്കുകയെന്നും. ഈ സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നം ഉണ്ടായിരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. സീറ്റിന്റെ കാര്യത്തില്‍ ഇതുവരെ ജോസഫ് വിഭാഗം എതിര്‍പ്പൊന്നും ഉന്നയിച്ചിട്ടില്ല. പക്ഷേ സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നല്‍കേണ്ടത് ചെയര്‍മാന്‍ ആയതിനാല്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ആയതിനാല്‍ ചിഹ്നം അനുവദിക്കുന്ന കാര്യത്തില്‍ വരുംദിവസങ്ങളില്‍ ത ര്‍ക്കങ്ങള്‍ ഉണ്ടാകും. എന്നാല്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമങ്ങള്‍ യു.ഡി.എഫ് നടത്തുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ണ്ണ വിജയമാകില്ലെന്നാണ് സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍