അമേരിക്കയില്‍ വീണ്ടും നാണംകെട്ട് ഇമ്രാന്‍ ഖാന്‍: പ്രസംഗത്തിനിടെ തടസപ്പെടുത്തി പ്രതിഷേധകര്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമേരിക്കയിലെ വാഷിംഗ്ടണില്‍ നടത്തിയ പ്രസംഗത്തിനിടെ തടസം സൃഷ്ടിച്ച് പ്രതിഷേധക്കാര്‍. പാകിസ്ഥാന്റെ അധീനതയിലുള്ള ബലൂചിസ്ഥാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വാഷിംഗ്ടണ്‍ ഡി.സിയിലെ അരീന വണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബലൂചിസ്ഥാന്‍ അനുകൂലികള്‍ ബഹളം വച്ചത്. ബലൂചിസ്ഥാന് അനുകൂലമായി ഇവര്‍ മുദ്രാവാക്യങ്ങളും മുഴക്കി. എന്നാല്‍ ഇവിടെ കൂടിയിരുന്ന പാകിസ്ഥാനികളില്‍ പലരും ഇമ്രാന്‍ ഖാനെ അനുകൂലിച്ച് കൊണ്ട് കരഘോഷം മുഴക്കുകയും ചെയ്തു. ബഹളം വച്ചവരെ അവഗണിച്ച് ഇമ്രാന്‍ ഖാന്‍ തന്റെ പ്രസംഗം തുടരുകയായിരുന്നു. ബഹളം വച്ചവരോട് സ്റ്റേഡിയത്തിന് പുറത്തിറങ്ങാന്‍ ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. അതിനിടെ, ബലൂചിസ്ഥാനിലെ 'കരുതിക്കൂട്ടിയുള്ള കാണാതാകലുകള്‍' അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹായം തേടുന്നതിനായി മൊബൈല്‍ പരസ്യബോര്‍ഡ് ക്യാമ്പയിനും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. ഇമ്രാന്റെ അമേരിക്കയിലേക്കുള്ള വരവിന് മുന്നോടിയായി ഈ പരസ്യബോര്‍ഡുകള്‍ വാഷിംഗ്ടണ്‍ നഗരത്തിലെ തെരുവുകളിലാകെ ഇവര്‍ സ്ഥാപിച്ചിരുന്നു. ട്രംപുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കായാണ് ഇമ്രാന്‍ ഖാന്‍ അമേരിക്കയിലേക്ക് എത്തിയത്.ഏറെ പ്രതീക്ഷയോടെ അമേരിക്കയിലേക്ക് പറന്ന ഇമ്രാന്‍ ഖാന്റെ വിമാനം ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലം തൊട്ടപ്പോള്‍ സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിലെ ആരും എത്തിയിരുന്നില്ല. പ്രോട്ടോകോള്‍ പ്രകാരം പേരിന് ഒരു ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ മാത്രമാണ് എത്തിയിരുന്നത്. പാക് പ്രധാനമന്ത്രിക്ക് ലഭിച്ച തണുപ്പന്‍ പ്രതികരണം രാജ്യാന്തര മാദ്ധ്യമങ്ങളടക്കം വാര്‍ത്തയാകുകയും ചെയ്തു.രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്നതിനാല്‍ ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി ഖത്തര്‍ എയര്‍വേസിന്റെ വിമാനത്തിലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ആഢംബര ഹോട്ടലിലെ താമസം ഒഴിവാക്കി ചെലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കയിലെ പാക് സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലാകും പാക് പ്രധാനമന്ത്രി അന്തിയുറങ്ങുന്നത്. ചെലവ് ചുരുക്കലിന്റെ മാതൃകകളായി ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ യാത്രയെ പാക് മാദ്ധ്യമങ്ങള്‍ വാഴ്ത്തുമ്പോള്‍ അദ്ദേഹത്തിന് നേരിട്ട അപമാനത്തെകുറിച്ചുള്ള വാര്‍ത്തകളാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ചര്‍ച്ചയായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍