കേരളം ജലക്ഷാമത്തിലേക്കെന്ന് സൂചന

തിരുവനന്തപുരം: മഴകുറഞ്ഞതും പ്രളയശേഷം ഭൂമിയിലേക്ക് വെള്ളമിറങ്ങാത്ത സ്ഥിതിവിശേഷവും ആയതോടെ കേരളം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങാന്‍ സാധ്യത. പ്രളയശേഷം പുഴകളുടെ അടിത്തട്ട് താഴ്ന്നതായി കണ്ടെത്തിയിട്ടുണ്ട്. തോടുകളിലും പുഴകളിലും അടിത്തട്ടില്‍ എക്കല്‍മണ്ണ് നിറഞ്ഞതും മണല്‍ത്തിട്ട ഒഴുകിപ്പോയതും ഭൂമിയിലേക്ക് വെള്ളമിറങ്ങാത്ത സ്ഥിതിയുണ്ടാക്കിയെന്നാണ് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിന്റെ പഠനം വ്യക്തമാക്കുന്നത്.
ഭൂജലവിതാനം തീരമേഖലയില്‍ ഒരു മീറ്ററും ഇടനാട്ടില്‍ രണ്ടുമീറ്ററും മലനാടുകളില്‍ മൂന്നുമീറ്റര്‍വരെയും താഴ്ന്നു. നിലവില്‍ മഴപെയ്താല്‍ വെള്ളംമുഴുവന്‍ 22 മണിക്കൂറിനുള്ളില്‍ കടലിലെത്തുകയാണ്. ഇതുവരെ ലഭിച്ച മഴയുടെ കണക്കനുസരിച്ച് തിരുവനന്തപുരത്തു മാത്രമാണ് ലഭിക്കേണ്ട മഴയുടെ തോതില്‍ വലിയ വ്യത്യാസമില്ലാത്തത്. മറ്റെല്ലാ ജില്ലകളിലും 35 ശതമാനംവരെ മഴ കുറവാണ്. ഈ കുറവ് വരുംദിവസങ്ങളില്‍ നല്ല മഴലഭിച്ചാല്‍ പരിഹരിക്കാനാകും. എന്നാല്‍ ഭൂമിയിലേക്ക് വെള്ളമിറങ്ങുന്നതിന്റെ തോത് കുറഞ്ഞതാണ് ആശങ്കയുയര്‍ത്തുന്നത്.
വരള്‍ച്ചയുണ്ടാകുമെന്ന മുന്നറിയിപ്പ് സി.ഡബ്ല്യൂ.ആര്‍.ഡി.എം. സര്‍ക്കാരിന് നല്‍കിയിട്ടില്ല. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ അങ്ങനെയൊരു മുന്നറിയിപ്പ് നല്‍കരുതെന്ന കീഴ്വഴക്കമനുസരിച്ചാണിത്. എന്നാല്‍ ഭൂജല പരിപോഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സി.ഡബ്ല്യു.ആര്‍.ഡി.എം. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
മഴയുടെ രീതിയിലും കാലാവസ്ഥയിലും ഭൂമിയുടെ ഘടനയിലും മാറ്റം വന്നിട്ടുണ്ട്. കനത്ത മഴപെയ്ത് കുത്തിയൊഴുകിപ്പോകുന്നതാണ് ഇപ്പോഴത്തെ രീതി. മഴയുടെ തോത് കൂടിയിട്ടുണ്ടെങ്കിലും മഴദിനങ്ങളുടെ എണ്ണം കുറഞ്ഞു. ഇതിനൊപ്പം പുഴയിലെ മാറ്റവും കൂടിയായപ്പോള്‍ ഭൂജലവിതാനം ആശങ്കപ്പെടുത്തുന്നവിധം താഴുകയാണ്.ഈവര്‍ഷം ഫെബ്രുവരി മുതല്‍ ജൂണ്‍വരെ സംസ്ഥാനത്തെ മിക്ക പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം നേരിട്ടുവെന്നാണ് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ ഫീല്‍ഡ് റിപ്പോര്‍ട്ട്. പ്രളയ ശേഷമുള്ള ഭൂമിയുടെ ഘടനാമാറ്റംകൂടി കണക്കാക്കിയാല്‍ അടുത്തവര്‍ഷവും ഇത് ആവര്‍ത്തിക്കാനാണ് സാധ്യതയെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്ത് 45,000 കുളങ്ങളുണ്ടെന്നാണ് സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മിന്റെ കണക്ക്. ഇവ സംരക്ഷിക്കുകയും കിണര്‍ റിച്ചാര്‍ജിങ്, മഴക്കുഴി നിര്‍മണം എന്നിവ ചെയ്യുകയുമാണ് വരള്‍ച്ചയെ നേരിടാനുള്ള മുന്‍കരുതല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍