വനാവകാശ നിയമം കൃത്യമായി പാലിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം : വനഭൂമിയില്‍ അവകാശം ലഭിക്കാനായി ആദിവാസികള്‍ നല്‍കിയ അപേക്ഷകളിന്മേല്‍ ചിലരെല്ലാം മുഖം തിരക്കുകയാണെന്നും ഇതിനാല്‍ ഭൂരിപക്ഷം അപേക്ഷകളിലും തീര്‍പ്പുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസികള്‍ക്ക് വനത്തില്‍ താമസിക്കാനും വനവിഭവങ്ങള്‍ അനുഭവിക്കാനും അനുവദിക്കുന്ന വനാവകാശ നിയമം കൃത്യമായി പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ഇടതുപക്ഷം പിന്തുണ കൊടുത്ത ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് വനവാസികള്‍ക്ക് അനുകൂലമായ നിരവധി തീരുമാനങ്ങള്‍ കേന്ദസര്‍ക്കാരില്‍ നിന്നും ഉണ്ടായത്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് വനഭൂമി പതിച്ചു നല്‍കുകയും വനത്തിന്റെ അവകാശികളായ ആദിവാസികളെ കാട്ടില്‍ നിന്നും ഇറക്കിവിടുകയും ചെയ്ത സംഭവങ്ങള്‍ വനാവകാശ നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നതിന്റെ തെളിവാണ്. മുപ്പത്തിഅഞ്ച് ശതമാനം വനഭൂമി വേണ്ടിടത്ത് ഇപ്പോള്‍ ഇരുപത്തിയാറ് ശതമാനം മാത്രമേയുള്ളൂ. വനമേഖലയുടെ കുറവ് കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.എസ് . ബിനുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ.പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍