തിരുവനന്തപുരം ഇനി സംസ്ഥാനത്തെ ആദ്യ ഇവെഹിക്കിള്‍ നഗരം

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ആനൂകൂല്യങ്ങള്‍ കൂടി മുതലാക്കി സംസ്ഥാനത്തെ ആദ്യത്തെ ഇവെഹിക്കിള്‍ നഗരമാകാന്‍ തിരുവനന്തപുരം ഒരുങ്ങുന്നു. ഇതിനായി ഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കും. അടുത്തവര്‍ഷത്തോടെ കാര്‍ ഉപയോഗിക്കുന്നവരില്‍ 15 ശതമാനവും സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ 25 ശതമാനവും ആട്ടോറിക്ഷകളില്‍ 40 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കുകയാണ് ലക്ഷ്യം. ഒപ്പം നഗര സര്‍വീസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ ഇബസുകളും നിരത്തിലിറക്കും. നിലവില്‍ മൂന്നു ഇബസുകളാണ് ഇവിടെയുള്ളത്. കൊച്ചിയില്‍ നടന്ന ഇവെഹിക്കിള്‍ എക്‌സ്‌പോയില്‍ 50,000 രൂപ വില വരുന്ന സ്‌കൂട്ടറുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വീട്ടിലെ ത്രീപിന്‍ പ്ലഗില്‍ ചാര്‍ജ് ചെയ്യാവുന്നതാണ് ഈ സ്‌കൂട്ടര്‍. ഒറ്റ ചാര്‍ജില്‍ നൂറു കിലോമീറ്റര്‍ ഓടാന്‍ കഴിയും. കിലോമീറ്റര്‍ ഒന്നിന് 50 പൈസയുടെ ചെലവു മാത്രമെ വരികയുള്ളൂ. കൈനറ്റിക്, വെസ്പ, ഹീറോ, ആദര്‍, ഒഖിനാവ പ്രൈസ് എന്നീ കമ്ബനികള്‍ ഇപ്പോള്‍ വന്‍തോതില്‍ വാഹനങ്ങള്‍ വിപണിയിലിറക്കുന്നത് വാഹനപ്രിയരായ മലയാളികളെ കൂടി ലക്ഷ്യമിട്ടാണ്. അടുത്ത വര്‍ഷം ആദ്യം തന്നെ 15,000 ഇആട്ടോകള്‍ നിരത്തിലിറക്കാന്‍ കഴിയുമെന്നാണ് ഗതാഗതവകുപ്പിന്റെ കണക്കുകൂട്ടല്‍. സംസ്ഥാന പൊതുമേഖലാസ്ഥാപനമായ കേരള ആട്ടോ മൊബൈല്‍സ് ലിമിറ്റഡിന് (കെ.എ.എല്‍) ആണ് ഇആട്ടോകള്‍ പ്രധാനമായും എത്തിക്കുക.കേരള നീം ജി' എന്നാണ് ഇറിക്ഷയുടെ പേര്. ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ഏകദേശം രണ്ടരലക്ഷം രൂപ വിലവരും. ജര്‍മ്മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ബാറ്ററിയും രണ്ട് കെ.വി. മോട്ടോറുമാണ് ആട്ടോയിലുള്ളത്. മൂന്നു മണിക്കൂര്‍ 55 മിനിട്ട് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍