സംരംഭങ്ങള്‍ക്കുള്ള അനുമതി അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം: ജില്ലാ കളക്ടര്‍

 കണ്ണൂര്‍: വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനായുള്ള വിവിധ അപേക്ഷകളില്‍ കാലവിളംബമില്ലാതെ തീരുമാനമെടുക്കണമെന്ന് വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് നിര്‍ദേശം നല്‍കി. ഓഗസ്റ്റ് മൂന്നിന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ നടക്കുന്ന വ്യവസായ അദാലത്തുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. അനുമതിക്കായുള്ള അപേക്ഷകള്‍ വച്ചുതാമസിപ്പിക്കരുത്. തീരുമാനം അനുകൂലമായാലും പ്രതികൂലമായാലും അത് വേഗത്തില്‍ കൈക്കൊണ്ട് അപേക്ഷകനെ അറിയിക്കണം. വ്യവസായങ്ങള്‍ തുടങ്ങാനായി വരുന്നവരില്‍ പലര്‍ക്കും അതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അറിയാത്തവരാണ്. പലരും വൈകിയാണ് ഇവയെ കുറിച്ച് ബോധവാന്‍മാരാകുന്നത്. വ്യവസ്ഥകള്‍ പാലിക്കാത്ത കേസുകളില്‍ പോരായ്മകള്‍ ഓരോന്നോരോന്നായി ചൂണ്ടിക്കാണിക്കുന്നതിന് പകരം എല്ലാം ഒന്നിച്ച് അപേക്ഷകനെ അറിയിച്ച് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. നിയമാനുസൃതമായ കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടും നിസാര കാര്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ അനുമതി നിഷേധിക്കുന്ന കേസുകളില്‍ സംരംഭകര്‍ക്ക് കളക്ടര്‍ ചെയര്‍മാനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിനെ (എസ്ഡബ്ല്യുസിബി) സമീപിക്കാം. 15 കോടി രൂപവരെ മൂലധന നിക്ഷേപമുള്ള എന്തു വാണിജ്യ പ്രവര്‍ത്തനത്തിനുള്ള അനുമതിക്കായും ബോര്‍ഡിന്റെ സേവനം തേടാമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി. എന്‍. അനില്‍ കുമാര്‍ പറഞ്ഞു.വ്യവസായ ഖനന മേഖലകളിലെ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് മൂന്നിന് രാവിലെ 10ന് ചേംബര്‍ ഹാളിലാണ് വ്യവസായ അദാലത്ത് നടക്കുന്നത്. സംരംഭങ്ങള്‍ക്കുള്ള വായ്പാ ലഭ്യത, വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതികള്‍, ലൈസന്‍സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് അദാലത്തില്‍ പരിഗണിക്കുക. മൈനിംഗ് ആന്‍ഡ് ജിയോളജിയുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ ജിയോളജിസ്റ്റ് ഓഫീസില്‍ നേരിട്ടും വ്യവസായവും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട പരാതികള്‍ തളിപ്പറമ്പ്, തലശേരി, മിനി സിവില്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് വ്യവസായ ഓഫീസുകളിലും ജില്ലാ വ്യവസായ കേന്ദ്രത്തിലും 27 വരെ നല്‍കാം. ഫോണ്‍ 04972700928 (ജില്ലാ വ്യവസായ കേന്ദ്രം), 7012946527 (സാഹില്‍ മുഹമ്മദ്, മാനേജര്‍), 9633154556 (ഇ.ആര്‍.നിധിന്‍, അസി. ജില്ലാ വ്യവസായ ഓഫീസര്‍). 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍