പാലാരിവട്ടം പാലത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാരിവട്ടം പാലത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലത്തിന്റെ നിര്‍മാണത്തിന് ആവശ്യത്തിന് സിമന്റും കമ്പനിയും ഉപയോഗിച്ചിരുന്നില്ല. പാലം 20 വര്‍ഷത്തിനകം ഇല്ലാതാകാന്‍ സാധ്യതയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലത്തിന്റെ പല ഭാഗത്തും വിള്ളലുകളുണ്ട്. പാലത്തിന് 107 ഗര്‍ഡറുകളാണ് ഉള്ളത്. ഇതില്‍ 97ലും വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പ്രത്യേക തരം പെയിന്റിംഗ് നടത്തിയിരിക്കുന്നതിനാല്‍ വിള്ളല്‍ എത്രമാത്രം ഉണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ല. നിലവാരമില്ലാത്ത കോണ്‍ക്രീറ്റാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നും ഇ. ശ്രീധരന്റെ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബീമുകള്‍ ഉറപ്പിച്ചിരിക്കുന്ന മുഴുവന്‍ ലോഹ വയറിംഗുകളും കേടായി. പാലത്തിന്റെ അടിത്തറയ്ക്കു മാത്രം കുഴപ്പമില്ല. എന്നാല്‍ 17 കോണ്‍ക്രീറ്റ് സ്പാനുകള്‍ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
100 വര്‍ഷം ആയുസ് കണക്കാക്കിയ പാലം 20 വര്‍ഷത്തിനകം ഇല്ലാതാകാനാണ് സാധ്യത. 42 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാലം അറ്റക്കുറ്റപ്പണി ചെയ്യുന്നതിനായി 18 കോടി രൂപയാണ് കണക്കാക്കുന്നത്. പാലം പൂര്‍വ സ്ഥിതിയിലാക്കാന്‍ പത്ത് മാസം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍