കെ.എ.എസ് ഭേദഗതികള്‍ പി.എസ്.സി അംഗീകരിച്ചു

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ (കെ.എ.എസ്.) കരട് ഭേദഗതിനിര്‍ദേശങ്ങള്‍ക്ക് പി.എസ്.സി. അംഗീകാരം നല്‍കി. മൂന്നാം കാറ്റഗറിക്ക് സംവരണപ്രകാരമുള്ള വയസ്സിളവ് ലഭിക്കില്ല. ഒന്നാം ഗസറ്റഡ് ഓഫീസര്‍മാര്‍ക്കുള്ള തസ്തികമാറ്റ നിയമനമാണിത്. ഈ വിഭാഗത്തില്‍ അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്സാണ്. സംവരണവിഭാഗങ്ങള്‍ക്കുള്ള വയസ്സിളവ് പരമാവധി 50ല്‍ കൂടരുതെന്ന് സംസ്ഥാന സേവനച്ചട്ടത്തിലുണ്ട്. ഇത് ഉറപ്പാക്കുന്ന വിധത്തിലാണ് ഭേദഗതിനിര്‍ദേശങ്ങള്‍ പി.എസ്.സി. അംഗീകരിച്ചത്. മറ്റുരണ്ട് കാറ്റഗറികളിലും സംവരണ പ്രകാരമുള്ള വയസ്സിളവ് ലഭിക്കും. നേരിട്ടുള്ള നിയമനത്തിന് 21-32 ആണ് പ്രായപരിധി. ഈ വിഭാഗത്തില്‍ എസ്.സി./എസ്.ടി.ക്ക് 37 വയസ്സ് വരെയും മറ്റു പിന്നാക്കവിഭാഗക്കാര്‍ക്ക് 35 വയസ്സുവരെയും അപേക്ഷിക്കാം. സംസ്ഥാന സര്‍വീസില്‍ ഒന്നാം ഗസറ്റഡ് തസ്തികയ്ക്കുതാഴെ ജോലിചെയ്യുന്നവര്‍ക്കുള്ളതാണ് രണ്ടാം കാറ്റഗറി. പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത് 21-40 ആണ്. ഈ വിഭാഗത്തില്‍ എസ്.സി./എസ്.ടി.ക്കാര്‍ക്ക് 45 വയസ്സുവരെയും മറ്റു പിന്നാക്കക്കാര്‍ക്ക് 43 വയസ്സുവരെയും അപേക്ഷിക്കാം. ഇതിനുപുറമേ വിമുക്തഭടര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സംസ്ഥാന സേവനച്ചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് വയസ്സിളവ് ലഭിക്കും. അംഗീകരിച്ച കരടുചട്ടം ചൊവ്വാഴ്ച സര്‍ക്കാരിനു കൈമാറും. അന്തിമചട്ടം ഇനി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യണം. കെ.എ.എസ്. തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സി.യെ അറിയിക്കും. അതിനുശേഷമാണ് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പി.എസ്.സി.യുടെ വിജ്ഞാപനം പ്രസിദ്ധീകരിക്കുക. ഒരുമാസത്തിനകം ഇതെല്ലാം നടപ്പാകുമെന്നു പ്രതീക്ഷിക്കുന്നു. ബിരുദമാണ് കെ.എ.എസിനുള്ള അടിസ്ഥാന യോഗ്യത. സംസ്ഥാന സര്‍വീസിലെ രണ്ടാം ഗസറ്റഡ് തസ്തികയുടെ പത്തുശതമാനം ഒഴിവുകളാണ് കെ.എ.എസിലേക്ക് മാറ്റിയിട്ടുള്ളത്. ഇവയില്‍ നേരിട്ട് നിയമനം നടത്തുന്നതും തസ്തികമാറ്റംവഴി നിയമനം നടത്തുന്നതുമായ മുഴുവന്‍ ഒഴിവുകളും ഉള്‍പ്പെടും. സ്ഥാനക്കയറ്റത്തിലൂടെ മാത്രം നികത്തുന്ന രണ്ടാം ഗസറ്റഡ് തസ്തികകള്‍ കെ.എ.എസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍