രോഹിത് നാളെ തിളങ്ങിയാല്‍ തകര്‍ക്കുന്നത് സച്ചിന്റെ രണ്ട് റെക്കോര്‍ഡുകള്‍

ലണ്ടന്‍: 647 റണ്‍സ് നേടിക്കഴിഞ്ഞ രോഹിത് ശര്‍മ്മയാണ് ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന റണ്‍ വേട്ടക്കാരന്‍. ഒരു ലോകകപ്പില്‍ നിന്നുമാത്രം അഞ്ച് സെഞ്ച്വറികള്‍ നേടി രോഹിത് റെക്കാഡ് സൃഷ്ടിച്ചു കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പിലെ കുമാര്‍ സംഗക്കാരയുടെ റെക്കാഡാണ് രോഹിത് മറികടന്നത്. ആറ് ലോകകപ്പുകളില്‍ നിന്ന് ആറ് സെഞ്ച്വറികള്‍ നേടിയിട്ടുള്ള സച്ചിന്റെ റെക്കാഡിനൊപ്പവും രോഹിത് എത്തി നില്‍ക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോകകപ്പില്‍ കുറിച്ചിട്ടുള്ള മറ്റ് രണ്ട് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതിന്റെ അടുത്ത് നില്‍ക്കുകയാണ് രോഹിത്.നാളെ ന്യൂസിലന്‍ഡുമായി നടക്കുന്ന സെമി മത്സരത്തില്‍ ഈ റെക്കോര്‍ഡ് ഇന്ത്യയുടെ ഹിറ്റ്മാന്‍ തകര്‍ക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. നിലവില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 2003 ലോകകപ്പില്‍ നേടിയ 673 റണ്‍സായിരുന്നു അത്. നാളത്തെ മത്സരത്തില്‍ രോഹിത് 27 റണ്‍സ് നേടിയാല്‍ ആ റെക്കോര്‍ഡ് പഴങ്കഥയാകും. ഇതുവരെ എട്ട് ഇന്നിംഗ്‌സുകളില്‍ 647 റണ്‍സാണ് രോഹിത് ഈ ലോകകപ്പില്‍ അടിച്ചുകൂട്ടിയത്. സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടുന്ന ആസ്‌ട്രേലിയയുടെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് 638 റണ്‍സുണ്ട്. സച്ചിനെ മറികടക്കാന്‍ 36 റണ്‍സ് കൂടി മതി.കൂടാതെ 507 റണ്‍സുള്ള ആസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും 500 റണ്‍സുള്ള ഇംഗ്ലണ്ട് താരം ജോ റൂട്ടും സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാനുള്ള ശ്രമത്തിലാണ്. ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി അടിച്ച റെക്കോര്‍ഡ് സച്ചിനും രോഹിത്തും പങ്കിടുകയാണിപ്പോള്‍. ആറ് സെഞ്ചുറിയാണ് ഇരുവര്‍ക്കുമുള്ളത്. ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഈ റെക്കോര്‍ഡ് രോഹിത്തിന്റെ മാത്രം പേരിലാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍