സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് എഡിറ്റ് ചെയ്യപ്പെട്ട വീഡിയോ: ആശാ ശരത്

തിരുവനന്തപുരം: 'എവിടെ' സിനിമയ്ക്കു വേണ്ടി ചെയ്ത പ്രൊമോ ഷന്‍ വീഡിയോ എഡിറ്റ് ചെയ്ത ശേഷം ചിലര്‍ സോഷ്യല്‍ മീഡി യയി ലൂടെ തനിക്കെതിരെ പ്രചരിപ്പിച്ചെന്ന് നടി ആശാ ശരത് പറഞ്ഞു. ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ട് തന്നെയാണ് താന്‍ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും ഇതിന്റെ തുടക്കത്തിലും അവസാനവും സിനിമയ്ക്ക് വേണ്ടിയുള്ള പ്രചാരണമാണിതെന്ന് വ്യക്തമായി പറഞ്ഞിരുന്നെന്നും അവര്‍ പറഞ്ഞു. 'എവിടെ' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു നടി. സിനിമയിലെ കഥാപാത്രമായാണ് താന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവിന്റെ പേര് സക്കറിയ എന്ന് വ്യക്തമായി പറയുന്നുമുണ്ട്. സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും കൂട്ടായി എടുത്ത തീരുമാന പ്രകാരമാണ് വീഡിയോ ചെയ്തത്. ഒരു സ്ത്രീയാണെന്ന കാരണത്താല്‍ നേരിട്ട സൈബര്‍ ആക്രമണമാണിത്. ചിലര്‍ തനിക്കെതിരെ വളരെ മോശമായ വാക്കുകളാണ് ഉപയോഗിച്ചതെന്നും അവര്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആശാ ശരത് പറഞ്ഞു. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച സിനിമയാണിതെന്നും നല്ലൊരു സന്ദേശം പങ്കുവയ്ക്കുന്നുണ്ടെന്നും സംവിധായകന്‍ കെ.കെ. രാജീവ് പറഞ്ഞു. നിര്‍മ്മാതാവ് ജൂബിലി ജോയ്, നടനും നിര്‍മാതാക്കളില്‍ ഒരാളുമായ പ്രേംപ്രകാശ് എന്നിവരും പങ്കെടുത്തു. പ്രസ് ക്‌ളബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.കരഞ്ഞുകലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി, തന്റെ ഭര്‍ത്താവിനെ കാണുന്നില്ലെന്ന് പറഞ്ഞുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ആഴ്ച സ്വന്തം ഫേസ്ബുക്ക് പേജില്‍ ആശാ ശരത് പോസ്റ്റ് ചെയ്തത്. ആദ്യം പലരും കരുതിയത് വീഡിയോ യഥാര്‍ത്ഥമാണെന്നാണ്. 'എവിടെ പ്രൊമോഷന്‍ വീഡിയോ' എന്നു തലക്കെട്ട് ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ ആളുകളും അതു പിന്നീടാണ് ശ്രദ്ധിച്ചത്. അതേസമയം സിനിമ പ്രൊമോഷന്‍ എന്ന പേരില്‍ കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാണിച്ച് ഒരു അഭിഭാഷകന്‍ ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍