ഡോക്ടര്‍ വി.പി അംബുജാക്ഷനെ കണ്ടെത്തി

ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഡോക്ടറെ കണ്ടെത്തിയത്

കോഴിക്കോട്: വീട്ടില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ കാണാതായ കോഴിക്കോട് മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ മുന്‍ മേധാവി ഡോക്ടര്‍ വി.പി അംബുജാക്ഷനെ കണ്ടെത്തി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വെച്ച് ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് അദ്ദേഹത്തെ കണ്ടത്. ട്രെയിന്‍ യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രദീപം ജനറല്‍ മാനേജര്‍ എ.വി മോഹനനും മാര്‍ക്കറ്റിംഗ് ഓഫീസര്‍ പ്രജീഷ് കുമാറുമാണ് നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇരിക്കുകയായിരുന്ന ഡോക്ടര്‍ വി പി അംബുജാക്ഷനെ കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ പോലീസ് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഡോക്ടറെ പോലീസ് വീട്ടുകാര്‍ക്കൊപ്പം വിട്ടു. കന്യാകുമാരിയില്‍ പോയി തിരിച്ചുവരികയായിരുന്നെന്ന് ഡോക്ടര്‍ അംബുജാക്ഷന്‍ പോലീസിനോട് പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 12. 45 ഓടെയാണ് 83 വയസ്സായ അദ്ദേഹത്തെ കാണാതായത്. ക്രിസ്ത്യന്‍ കോളേജിന് സമീപം ഗാന്ധി റോഡിലെ വസന്തം വീട്ടില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ ഇറങ്ങിപ്പോവുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ നടക്കാവ് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപവല്‍ക്കരിച്ച് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഡോക്ടറെ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍