തുറന്നജയിലില്‍ റെയിഡ്: മൊബൈല്‍ ഫോണും ലഹരിവസ്തുക്കളും പിടികൂടി

കാട്ടാക്കട : നെയ്യാര്‍ഡാം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുംലഹരിവസ്തുക്കളും പിടികൂടി. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ജയിലിലെ ആട് ഫാമില്‍ ജോലി നോക്കുകയായിരുന്ന അജിത് കുമാര്‍ എന്ന തടവുകാരനില്‍ നിന്നാണ് മൊബൈല്‍ പിടിച്ചെടുത്തത്.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍. പരിശോധനയില്‍ തടവുകരുടെ ബാരക്കിന് സമീപത്തു നിന്നും ഒളിപ്പിച്ച നിലയില്‍ ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. ആഴ്ചകള്‍ക്ക് മുന്‍പും തുറന്ന ജയിലില്‍ നിന്നും ലഹരി വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. 
മൊബൈല്‍ കണ്ടെത്തിയ സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. തുറന്ന ജയില്‍ പരിസരത്തു തോക്കു കണ്ടെടുത്ത സംഭവവും, ചാരായം വാറ്റ് പിടികൂടിയ സംഭവത്തിനു ശേഷവും പരിശോധനകള്‍ ശക്തമായിരുന്നു.വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനയും നടപടികളും കൂടുതല്‍ കര്‍ശനമാക്കുമെന്ന് സുപ്രണ്ട് പറഞ്ഞു.ജയിലുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ജയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെയും ഭാഗമായുള്ള സുരക്ഷാ പരിശോധന നടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതിനിടെ ചില ജയില്‍ ജീവനക്കാര്‍ തന്നെ തടവുകാര്‍ക്ക് പല സഹായങ്ങളും ചെയ്യുന്നതായി പരാതിയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍