രാഹുല്‍ കോടതിയില്‍ ഹാജരാകും

 അഹമ്മദാബാദ്: ബിജെപി നേതാവിന്റെ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ നേരിട്ടു ഹാജരാകും. അഹമ്മദാബാദ് കോടതിയിലാണ് രാഹുല്‍ നേരിട്ടു ഹാജരാകുക. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരേ ഏപ്രില്‍ 23ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ നടത്തിയ കൊലയാളി പരാമര്‍ശത്തിന്റെ പേരിലാണ് കേസ്. കൊലക്കേസില്‍ ആരോപണവിധേയനായ ബിജെപി പ്രസിഡന്റ്, എന്തൊരു ഗാംഭീര്യമാണത്..! അദ്ദേഹത്തിന്റെ മകനെകുറിച്ച് കേട്ടിട്ടുണ്ടോ മാന്ത്രിനാണ് അദ്ദേഹം. മൂന്നു മാസം കൊണ്ട് വെറും 50,000 രൂപ അദ്ദേഹം 80 കോടിയാക്കി' എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരേ ബിജെപി പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയായിരുന്നു. അമിത് ഷാ പ്രതിയായ 2005ലെ സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ ആക്രമണം. 2014ല്‍ ഈ കേസില്‍ കോടതി അമിത് ഷായെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കുറ്റവിമുക്തനാക്കി. കഴിഞ്ഞയാഴ്ച പാറ്റ്‌ന കോടതിയിലും മുംബൈ കോടതിയിലും രാഹുല്‍ നേരിട്ടു ഹാജരായി ജാമ്യമെടുത്തിരുന്നു. എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്നാണു പേരെന്ന പരാമര്‍ശത്തിന്റെ പേരിലായിരുന്നു കേസ്. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് രാഹുലിനെതിരേ പരാതി നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍