പാലാരിവട്ടം പാലത്തില്‍ വീണ്ടും വിജിലന്‍സ് പരിശോധന; കുറ്റപത്രം ഉടന്‍

കൊച്ചി: പാലാരിവട്ടം പാല ത്തില്‍ വീണ്ടും വിജിലന്‍സ് പരിശോധന. വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷ്, വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തി ലാണ് പരിശോധന. വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് പരിശോധനയെന്നാണു സൂചന. പാലാരിവട്ടം മേല്‍പാലത്തില്‍ അടിത്തറ ഒഴികെ മറ്റെല്ലാം രണ്ടര വര്‍ഷത്തിനകം തകര്‍ന്നതായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാലത്തി്‌റന്റെ 17 കോണ്‍ക്രീറ്റ് സ്പാനുകളും മാറ്റി സ്ഥാപിക്കണം. സ്പാനുകളില്‍ മൂന്നെണ്ണം അതീവ അപകട സ്ഥിതിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലം സഞ്ചാരയോഗ്യമാക്കുന്ന തരത്തില്‍ പുതുക്കിപ്പണിയാന്‍ ഇപ്പോഴത്തെ നിലയില്‍ 18.5 കോടി രൂപ വേണം. പ്രീ സ്‌ട്രെസ്ഡ് ഗര്‍ഡറുകള്‍ ഉപയോഗിച്ചു സ്പാനുകള്‍ പുനഃസ്ഥാപിക്കണം. പാലത്തിന്റെ അടിത്തറയ്ക്കു മാത്രമാണു പ്രശ്‌നമില്ലാത്തത്. പിയറുകളും പിയര്‍ ക്യാപ്പുകളും കോണ്‍ക്രീറ്റ് ജാക്കറ്റുകൊണ്ട് ബലപ്പെടുത്തണം. ഇപ്പോഴത്തെ സ്ഥിതിക്ക് പത്തുമാസം കൊണ്ടുമാത്രമേ പാലം പൂര്‍വസ്ഥിതിയിലാക്കാനാകൂ. 42 കോടി ചെലവിട്ടാണു പാലം നിര്‍മിച്ചത്. പുനര്‍ നിര്‍മാണത്തിന് ആവശ്യമായ ചെലവ് ആദ്യം സര്‍ക്കാര്‍ വഹിക്കും. പിന്നീട് ഈ തുക ആരില്‍നിന്ന് ഈടാക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിനുശേഷം തീരുമാനിക്കും.പാലത്തിന് 102 ആര്‍സിസി ഗര്‍ഡറുകളാണുള്ളത്. അതില്‍ 17 എണ്ണത്തിനും വിള്ളലുണ്ട്. പ്രത്യേക തരം പെയിന്റിംഗ് നടത്തിയതു കൊണ്ടു വിള്ളലിന്റെ തീവ്രത കണക്കാക്കാനാകുന്നില്ല. ഉപയോഗിച്ച കോണ്‍ക്രീറ്റ് നിലവാരം കുറഞ്ഞതാണ്. രൂപകല്പനയില്‍ത്തന്നെ അപാകതയുണ്ട്. നിര്‍മാണ സാമഗ്രികള്‍ക്കാവശ്യമായ സിമന്റും കമ്പിയും നിശ്ചിത തോതില്‍ ഉപയോഗിച്ചിട്ടില്ല. അതിനാല്‍ കോണ്‍ക്രീറ്റിന് ആവശ്യത്തിന് ഉറപ്പില്ല. ബീമുകള്‍ ഉറപ്പിച്ച മുഴുവന്‍ ലോഹ ബെയറിംഗുകളും കേടായി. പാലത്തിന് 18 പിയര്‍ ക്യാപുകളാണുള്ളത്. ഇതില്‍ 17 ലും പ്രത്യക്ഷത്തില്‍ത്തന്നെ വിള്ളലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തകരാര്‍ കണ്ടതിനെത്തുടര്‍ന്ന് മേയ് ഒന്നിനാണ് പാലത്തില്‍ ഗതാഗതം നിരോധിച്ചത്. വിള്ളലുകളും തകരാറുകളും കണ്ടതിനെത്തുടര്‍ന്ന് സമഗ്ര വിദഗ്ധ പരിശോധനക്ക് തീരുമാനിച്ചു. ഇ. ശ്രീധരനെ കഴിഞ്ഞ 14 നാണ് പാലം പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയത്. പാലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അള്‍ട്രാസൗണ്ട് പള്‍സ് വെലോസിറ്റി പരിശോധന നടത്തിയാണ് കോണ്‍ക്രീറ്റ് ശോച്യാവസ്ഥ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍