ബാലകോട്ട് ആക്രമണത്തിന് പിന്നാലെ തന്ത്രങ്ങള്‍ മാറ്റി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: ഫെബ്രുവരിയിലെ ബാലകോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ പുതിയ പദ്ധതി തയ്യാറാക്കി പാകിസ്ഥാന്‍. സമാനമായ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ ഇന്ത്യയുമായുള്ള അതിര്‍ത്തിയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പാകിസ്ഥാന്‍. ഇതിനായി കാലങ്ങളായി വാങ്ങാന്‍ തീരുമാനിച്ചിട്ടും മാറ്റിവെച്ചുകൊണ്ടിരുന്ന ആയുധങ്ങളും റഡാര്‍ സംവിധാനങ്ങളും വാങ്ങുന്ന നടപടികള്‍ പാകിസ്താന്‍ സൈന്യം ത്വരിതപ്പെടുത്തി.  ഇതിന് പുറമെ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് നിയന്ത്രണ രേഖയ്ക്ക് സമീപത്തേക്കോ പാക് അധീന കശ്മീരിലോ സഞ്ചരിക്കരുതെന്ന നിര്‍ദ്ദേശം ഭീകരര്‍ക്ക് പാക് സൈന്യം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല പാകിസ്താന്‍ യൂണിഫോം ധരിക്കാതെ ക്യാമ്പുകള്‍ക്ക് പുറത്തേക്ക് പോകരുതെന്നും അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയുടെ സാറ്റലൈറ്റ് നിരീക്ഷണത്തില്‍ നിന്നും ഡ്രോണ്‍ നിരീക്ഷണത്തില്‍ നിന്നും ഭീകരരെ ഒളിപ്പിക്കാനാണ് പാക് സൈന്യം ശ്രമിക്കുന്നതെന്നാണ് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്.നിലവില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഏറിവരുന്നതാണ് നിലപാടുകള്‍ക്ക് കാരണമെന്നും സാഹചര്യം അനുകൂലമായാല്‍ വലിയ തോതില്‍ ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാനാണ് പാകിസ്താന്റെ ലക്ഷ്യമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നു.പാക് ചാരസംഘടന ഐഎസ്‌ഐ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹഖാനി നെറ്റ്വര്‍ക്ക്, ജെയ്‌ഷെ മുഹമ്മദ്, ഇസ്ലാമിക് സ്റ്റേറ്റ്, താലിബാന്‍ എന്നീ ഭീകര സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്നുള്ള വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ താലിബാനെ ഉപയോഗിച്ച് ആക്രമണം സംഘടിപ്പിക്കാനാണ് ഐഎസ്‌ഐ ശ്രമിക്കുന്നതെന്നാണ് ഇന്റലിജന്‍സ് സംശയിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍