പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അടുത്ത ലക്ഷ്യം ലഹരി വിമുക്ത ക്യാമ്പസുകള്‍ : വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയ പരിസരങ്ങളില്‍നിന്നു ലഹരി വസ്തുക്കളുടെ സാന്നിധ്യം ഇല്ലാതാക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അടുത്ത ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. 
ലഹരിയുടെ ഒരു തന്മാത്രപോലും ശരീരത്തിലേക്കു കടക്കാന്‍ സംസ്ഥാനത്തെ ഒരു വിദ്യാര്‍ഥിയേയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും സ്‌കൂളുകളെയും അനുമോദിക്കാന്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാ സംഗമം പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജീവിക്കാനുള്ള അറിവ് നേടുന്നതിനോടൊപ്പം സമൂഹത്തോടുള്ള കടമ നിറവേറ്റുക എന്ന ഉത്തരവാദിത്തം കൂടി ഭാവി തലമുറയ്ക്കുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2018 19 അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 3500 വിദ്യാര്‍ഥികളേയും നൂറു മേനി വിജയം കൈവരിച്ച 60 സ്‌കൂളുകളേയും ചടങ്ങില്‍ അനുമോദിച്ചു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍