യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം; പ്രതികള്‍ ഒളിവില്‍

തിരുവനന്തപുരം: യൂണിവേഴ്‌ സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴ് പ്രതികളും ഒളിവിലാണെന്ന് പൊലീസ്. ഇന്നലെ രാത്രി ഇവരുടെയും ബന്ധുക്കളുടെയും വീടുകളില്‍ പൊലീസ് നടത്തിയ പരിശോധനയിലും പ്രതികളെ കണ്ടെത്താനായില്ല. പ്രതികള്‍ കീഴടങ്ങാന്‍ സാധ്യതയില്ലെന്നും ഇവരെ പിടികൂടാന്‍ തെരച്ചില്‍ തുടരുന്നതായും പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ പ്രതികളായ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അൈദ്വത്, ആരോമല്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇതില്‍ നസീം അടുത്തിടെ പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതിയാണ്. അഖിലിനെ കുത്തിയത് ആരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കാര്യങ്ങള്‍ കൈവിട്ട് പോയതോടെ ആറ് പേരെയും സസ്‌പെന്‍ഡ് ചെയ്‌തെന്നും എസ്.എഫ്.ഐയുടെ കോളേജ് യൂണിറ്റ് പിരിച്ചുവിടുമെന്നും അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു അറിയിച്ചിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ കാന്റീനിലിരുന്ന് ഒരു സംഘം പാട്ടു പാടിയതോടെയാണ് പ്രശ്‌നമുണ്ടായത്. അറബിക് വകുപ്പിലെ ഉമൈര്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് ആദ്യം മര്‍ദ്ദിച്ചത്. അത് ചോദ്യം ചെയ്തതിനാണ് അഖിലിനെ മര്‍ദ്ദിച്ചത്. സ്വന്തം പ്രവര്‍ത്തകനെ കുത്തിവീഴ്ത്തിയതോടെ യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ എസ്.എഫ്.ഐക്കെതിരെ പ്രതിഷേധം ഇരമ്പി. എസ്.എഫ്.ഐ യൂണിറ്റ് പിരിച്ച് വിടണമെന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി.പ്രശ്‌നം പരിഹരിക്കാന്‍ എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ എത്തി. പക്ഷേ വിദ്യാര്‍ത്ഥികള്‍ വഴങ്ങിയില്ല. മാദ്ധ്യമപ്രവര്‍ത്തകരെയും എസ്.എഫ്.ഐക്കാര്‍ തടഞ്ഞു. കോളേജിന് മുന്നില്‍ പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എസ്.എഫ്, എ.ബി.വി. പി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍