തിരുവനന്തപുരം നഗരത്തില്‍ പേ ആന്‍ഡ് പാര്‍ക്ക് തുടരും

തിരുവനന്തപുരം: നഗരത്തിലെ പാതയോരങ്ങളില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം തുടരാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മൂന്നുമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനിച്ചത്. ഫീസ് പിരിക്കാതെ പാര്‍ക്കിംഗ് സംവിധാനം അവസാനിപ്പിക്കണമെന്നും നിലവിലുള്ള വാര്‍ഡന്‍മാരെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങളായ തമ്ബാനൂര്‍, പുത്തരിക്കണ്ടം, പാളയം എന്നിവിടങ്ങളിലേക്ക് നിയോഗിക്കണമെന്നും ബി.ജെ.പി അംഗങ്ങള്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചെങ്കിലും കൗണ്‍സില്‍ അംഗീകരിച്ചില്ല. ചില ഇളവുകള്‍ നല്‍കിക്കൊണ്ട് നിലവിലെ സ്ഥിതി തുടരണമെന്നായിരുന്നു യു.ഡി.എഫിന്റെയും നിലപാട്. പാതയോരങ്ങളില്‍ ഫീസ് വാങ്ങിയുള്ള പാര്‍ക്കിംഗ് നിയമവിരുദ്ധമാണെന്നും അതിനാല്‍ പണം വാങ്ങുന്നത് ഒഴിവാക്കണമെന്നുമായിരുന്നു ബി.ജെ.പി കക്ഷി നേതാവ് എം.ആര്‍. ഗോപന്റെ ആവശ്യം. ഇതിന് പകരം ഇപ്പോള്‍ ജോലി ചെയ്യുന്ന വാര്‍ഡന്‍മാര്‍ക്ക് നഗരസഭയുടെ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നേരിട്ട് ജോലി നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ പണം പിരിക്കാതിരുന്നാല്‍ ഉത്തരവാദിത്വം ഇല്ലാതാകുമെന്നും നഗരത്തിലെ ഒരു വ്യക്തി പോലും പരാതിയുമായി കോടതിയെ സമീപിച്ചിട്ടില്ലെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍ ആര്‍. സതീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. നിലവിലെ സ്ഥിതി തുടരുന്നതില്‍ തെറ്റില്ലെന്ന് യു.ഡി.എഫ് നേതാവ് ജോണ്‍സണ്‍ ജോസഫ് ചൂണ്ടിക്കാട്ടിയപ്പോള്‍ അനധികൃതമായ ഫീസ് പിരിവ് ഭരണഘടന സ്ഥാപനത്തിന് ചേര്‍ന്നതല്ലെന്ന് ബി.ജെ.പി നേതാവ് ഗിരികുമാര്‍ പറഞ്ഞു.ഒരു രൂപയുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനും രണ്ട് രൂപയുടെ ഗുളികവാങ്ങാനും പത്ത് രൂപ പാര്‍ക്കിംഗ് ഫീസ് കൊടുക്കേണ്ട സ്ഥിതിയാണെന്ന് കരമന അജിത്ത് ആരോപിച്ചു. നഗരസഭ വമ്ബന്‍ കെട്ടിടങ്ങള്‍ പാര്‍ക്കിംഗ് സ്ഥലം കെട്ടിയടച്ച് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടും അധികൃതര്‍ പരിശോധിക്കുന്നില്ലെന്ന് പീറ്റര്‍ സോളമന്‍ ചൂണ്ടിക്കാട്ടി. വകുപ്പിന്റെയോ ചട്ടത്തിന്റെയോ പിന്തുണയില്ലാതെയാണ് റോഡ് വക്കിലെ പണം വാങ്ങിയുള്ള പാര്‍ക്കിംഗ് നടത്തുന്നതെന്ന് തിരുമല അനില്‍ ആരോപിച്ചു. ഈ സംവിധാനത്തിന്റെ മെച്ചം മന്ത്രിയെ പറഞ്ഞ് മനസിലാക്കണമെന്ന് ബീമാപള്ളി റഷീദ് നിര്‍ദ്ദേശിച്ചു.എന്നാല്‍ ട്രാഫിക് ക്രമീകരണ സമിതികള്‍ രൂപീകരിക്കാനുള്ള 2011 ലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരം നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭയ്ക്ക് അനുമതിയുണ്ടെന്ന് ടൗണ്‍പ്ലാനിംഗ് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പാളയം രാജന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍