അഞ്ചു ശതമാനം വരെ നികുതിയുള്ള സേവനങ്ങള്‍ക്ക് പ്രളയ സെസ് ഇല്ല

തിരുവനന്തപുരം: അഞ്ചു ശതമാനം വരെ സേവന നികുതി ഏര്‍പ്പെടുത്തിയിട്ടുള്ള സേവനങ്ങളെ പ്രളയ സെസില്‍നിന്ന് ഒഴിവാക്കിയതായി മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. നിലവില്‍ ഒരു ശതമാനം സെസ് ഉണ്ടായിരുന്ന ഹോട്ടല്‍ ഭക്ഷണം, ശീതീകരിച്ച ബസ്, ട്രെയിന്‍ യാത്രക്കൂലി തുടങ്ങിയ സേവനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. പണം കടം കൊടുക്കുന്നതിനു പരമാവധി 18 ശതമാനം പലിശയെ ഈടാക്കാവൂ എന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. പണം കൊടുക്കല്‍ നിയമത്തിനു കീഴില്‍ കടം കൊടുക്കുന്നവര്‍ക്കു വായ്പ അനുവദിക്കല്‍ നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിന് (പ്രോസസിംഗ് ഫീ) രണ്ടു ശതമാനം ഫീസ് അനുവദിക്കുന്നു. ആധാരങ്ങളുടെ രജിസ്‌ട്രേഷനുകളില്‍ മുദ്രപത്ര വില കുറച്ചുകാണിച്ചിട്ടുള്ള കേസുകളില്‍, ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിക്കു നോട്ടീസ് നല്‍കാനുള്ള കാലാവധി 10 വര്‍ഷമായി നിജപ്പെടുത്തി. നിലവില്‍ കാലാവധി നിജപ്പെടുത്തല്‍ വ്യവസ്ഥകളുണ്ടായിരുന്നില്ല. അടയ്ക്കാ വ്യാപാരികളുടെ നികുതി കുടിശികയ്ക്ക് 201819ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സെപ്റ്റംബര്‍ 30 വരെ നീട്ടി. അന്തര്‍സംസ്ഥാന വ്യാപാരം നടത്തുന്ന വ്യാപാരികള്‍ സമര്‍പ്പിച്ച രേഖകളിലെ അവ്യക്തത മൂലം അധിക നികുതി നിര്‍ണയമുണ്ടായി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കുന്നത്. നിലവിലെ നികുതി നിര്‍ണയ മാനദണ്ഡങ്ങള്‍ ആഡംബര നികുതിക്കും ബാധകമാക്കി. രജിസ്റ്റേര്‍ഡ് വ്യാപാരികള്‍ തമ്മിലുള്ള വ്യാപാരത്തില്‍, സ്വകാര്യ ആവശ്യത്തിനുള്ള ചരക്കിനു പ്രളയ സെസ് ബാധകമാക്കും. 10 ശതമാനം ക്ലിപ്ത വിനോദനികുതി എന്ന ബില്ലിലെ വ്യവസ്ഥ 10 ശതമാനം വരെയെന്നു ഭേദഗതി ചെയ്തിട്ടുണ്ട്. 2019 ലെ കേരള ധനകാര്യബില്‍ ഭേദഗതികളോടെ നിയമസഭ പാസാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍