ഡിജിപി വരും, പരാതി നേരിട്ടു വാങ്ങാന്‍

 തിരുവനന്തപുരം: പൊതുജനങ്ങളില്‍നിന്നു നേരിട്ടു പരാതി സ്വീകരിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ പോലീസ് ജില്ലകളിലും അദാലത്ത് നടത്തും. വിദൂരസ്ഥലങ്ങളില്‍ നിന്ന് ഡിജിപിയെ കണ്ട് പരാതി നല്‍കാനായി വരുന്നവരുടെ ബുദ്ധിമുട്ട് മനസിലാക്കിയാണിത്. അദാലത്തിന്റെ ഒന്നാംഘട്ടം അടുത്തമാസം നടത്തും. കൊല്ലം റൂറലില്‍ ഓഗസ്റ്റ് 16നും കാസര്‍ഗോട്ട് 20നും വയനാട്ടില്‍ 21നും ആലപ്പുഴയില്‍ 30നും പത്തനംതിട്ടയില്‍ 31നുമാണ് അദാലത്ത്. ജില്ലാ പോലീസ് മേധാവിക്കു പുറമേ എല്ലാ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അദാലത്തില്‍ പങ്കെടുക്കും. സംസ്ഥാന പോലീസ് മേധാവിയുടെ സന്ദര്‍ശന വിവരവും അദാലത്ത് നടക്കുന്ന സ്ഥലവും തീയതിയും സമയവും സന്ദര്‍ശിച്ച വിവരവും വിവിധ മാധ്യമങ്ങള്‍ വഴി അറിയിക്കുന്നതിനു ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടെ സ്‌പെഷല്‍ ടീം അദാലത്തിനു രണ്ടു ദിവസം മുമ്പ് അതത് ജില്ലകള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങളും സാഹചര്യങ്ങളും വിലയിരുത്തും.കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളും ബുദ്ധിമുട്ടും മനസിലാക്കുന്നതിനും ജോലിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലകളില്‍ ഒരു സഭ നടത്തുന്നതിനും സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചിട്ടുണ്ട്. ഈ സഭയില്‍ എസ്‌ഐ റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലയില്‍ ഏതെങ്കിലും രണ്ടു പോലീസ് സ്റ്റേഷനുകളും സംസ്ഥാന പോലീസ് മേധാവി സന്ദര്‍ശിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍