അവശ്യസാധനങ്ങള്‍ വിലകുറച്ച് റേഷന്‍കടകള്‍ വഴി നല്‍കും: മന്ത്രി

കരുനാഗപ്പള്ളി: അവശ്യസാധനങ്ങള്‍ വിലകുറച്ച് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ശബരി ഉല്പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം കരുനാഗപ്പള്ളി സപ്ലൈകോയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ റേഷന്‍ കടകളുടെ നവീകരണവും വൈവിധ്യവല്‍ക്കരണവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതു വിതരണ രംഗത്ത് സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നതുമൂലം പൊതു വിപണിയില്‍ അരി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില പിടിച്ച് നിര്‍ത്താന്‍ കഴിയുന്നു. റേഷന്‍ സാധനങ്ങള്‍ പൂര്‍ണ്ണമായും വിതരണം ചെയ്യാന്‍ റേഷന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണം. റേഷന്‍ വാങ്ങാത്തവരെ വിവരം അറിയിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങിപ്പിക്കുന്നതില്‍ വ്യാപാരികള്‍ പ്രത്യേക ശ്രദ്ധ നല്‍കണം.
സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഗൃഹോപകരണങ്ങള്‍ വില്ക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്തി പറഞ്ഞു. ശബരി ഉല്പന്നങ്ങളുടെ ആദ്യ വില്പന നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍.രവീന്ദ്രന്‍പിള്ള നിര്‍വഹിച്ചു. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ സി.വിജയന്‍പിള്ള, ടി.അജിതകുമാരി, പാര്‍ട്ടി നേതാക്കളായ പി.കെ.ബാലചന്ദ്രന്‍, ജെ.ജയകൃഷ്ണപിള്ള, എ.വിജയന്‍, എസ്.കൃഷ്ണന്‍കുട്ടി, രാജു പണ്ടകശാല, പി.രാജു എന്നിവര്‍ പ്രസംഗിച്ചു. സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.എന്‍.സതീഷ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍.അനില്‍രാജ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍