കോച്ചായി രവിശാസ്ത്രി തുടരുമോ എന്ന് സംശയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ഉള്‍പ്പെടെയുള്ള സപ്പോര്‍ട്ടിംഗ് സ്റ്റാഫ് പദവികളിലേക്കു ബിസിസിഐ അപേക്ഷ ക്ഷണിക്കും. അടുത്ത മാസം നടക്കുന്ന വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തോടെ കാലാവധി അവസാനിക്കുന്ന നിലവിലെ പരിശീലകന്‍ രവിശാസ്ത്രി ഉള്‍പ്പെടെ പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടി വരും.ലോകകപ്പിനു പിന്നാലെ രവിശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവര്‍ക്ക് ബിസിസിഐ 45 ദിവസത്തെ കാലാവധി നീട്ടിനല്‍കിയിരുന്നു. ഓഗസ്റ്റ് മൂന്നു മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെയാണ് ഇന്ത്യയുടെ വെസ്റ്റ്ഇന്‍ഡീസ് പര്യടനം.ട്രയിനര്‍, ഫിസിയോ സ്ഥാനങ്ങളിലേക്കു ബിസിസിഐ പുതുമുഖങ്ങളെ തെരഞ്ഞെടുക്കേണ്ടി വരും. ശങ്കര്‍ ബസുവും, പാട്രിക് ഫര്‍ഹാതും സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണിത്. ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ പുറത്തായതിനു പിന്നാലെയാണ് ഇരുവരും സ്ഥാനമൊഴിഞ്ഞത്. 2017ല്‍ അനില്‍ കുംബ്ലെയുടെ പകരക്കാരനായാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് എത്തുന്നത്. നേരത്തെ 2014-2016 കാലത്ത് ഇന്ത്യന്‍ ടീമിന്റെഡയറക്ടറായിരുന്നു ശാസ്ത്രി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍