കര്‍ണാടകയില്‍ മന്ത്രി നാഗേഷ് രാജിവച്ചു; പ്രതീക്ഷയോടെ ബിജെപി

ബംഗളുരു: കര്‍ണാടക സഖ്യസര്‍ക്കാരിലെ പ്രതിസന്ധി രൂക്ഷമാക്കി ഒരു മന്ത്രിയും രാജിവച്ചു. സ്വതന്ത്ര എംഎല്‍എയും മന്ത്രിയുമായ എച്ച്. നാഗേഷാണു രാജിസമര്‍പ്പിച്ചത്. സഖ്യസര്‍ക്കാരിനുള്ള പിന്തുണയും നാഗേഷ് പിന്‍വലിച്ചിട്ടുണ്ട്. നേരത്തെ സഖ്യസര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് എച്ച്. നാഗേഷിനു മന്ത്രിസ്ഥാനം നല്‍കുകയായിരുന്നു. ഇതോടെ 14 എംഎല്‍എമാരുടെ പിന്തുണയാണ് ജെഡിഎസ്‌കോണ്‍ഗ്രസ് സര്‍ക്കാരിനു നഷ്ടപ്പെട്ടിരിക്കുന്നത്. നാഗേഷ് ബി.ജെ.പിക്കു പിന്‍തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയത് ബി.ജെ.പിയ്ക്കു നേട്ടമായി.പ്രതിസന്ധിക്കു പരിഹാരം കാണാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടരുകയാണ്. മന്ത്രിമാരെല്ലാം രാജിവച്ചു വിമതര്‍ക്ക് അവസരം നല്‍കുക എന്നതാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനം. ഉപമുഖ്യമന്ത്രി ജി. പരമേശ്വര രാജിവാഗ്ദാനം നല്‍കിക്കഴിഞ്ഞു. യുഎസില്‍നിന്നു തിരിച്ചെത്തിയ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കു മുന്നിലാണു പരമേശ്വര രാജിവാഗ്ദാനം സമര്‍പ്പിച്ചത്. ഇടഞ്ഞുനില്‍ക്കുന്ന മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുമായി മുഖ്യമന്ത്രി കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. രഹസ്യകേന്ദ്രത്തില്‍വച്ചായിരുന്നു കൂടിക്കാഴ്ച. രാജിതീരുമാനത്തില്‍നിന്നു പിന്‍മാറണമെന്നു കുമാരസ്വാമി ആവശ്യപ്പെട്ടെന്നും മന്ത്രിസ്ഥാനം ഉറപ്പുനല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസിലെയും ജെഡിഎസിലെയും 13 എംഎല്‍എമാരാണ് കഴിഞ്ഞദിവസം രാജിസമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച സ്പീക്കര്‍ തീരുമാനം കൈക്കൊള്ളുന്നതിനു മുമ്പേ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിലാണു കോണ്‍ഗ്രസും ജെഡിഎസും. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കരുനീക്കങ്ങള്‍ ബിജെപി പാളയത്തിലും സജീവമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍