ഒടുവില്‍ മഞ്ജരേക്കര്‍ സമ്മതിച്ചു, ജഡേജ മാസ തന്നെ

ന്യൂഡല്‍ഹി: ന്യൂസിലന്‍ ഡിനെ തിരായ മത്സരത്തിലെ രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്‌സിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. തന്റെ 'അല്ലറ ചില്ലറ' മികവുകൊണ്ട് എല്ലാ അര്‍ഥത്തിലും ജഡേജ താന്‍ തെറ്റാണെന്നു തെളിയിച്ചെന്നും തന്നെ എല്ലാ അര്‍ഥത്തിലും വലിച്ചുകീറിയെന്നും മഞ്ജരേക്കര്‍ സമ്മതിച്ചു. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇതുപോലെ മികവു പ്രകടിപ്പിച്ച ഒരു ജഡേജയെ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വീഡിയോ ഐസിസി ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ലോകകപ്പ് സെമിയില്‍ വമ്പന്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ ജഡേജയാണ് വിജയത്തിനരികെ എത്തിച്ചത്. 59 പന്തില്‍നിന്ന് 77 റണ്‍സ് നേടിയ ജഡേജ ഏഴാം വിക്കറ്റില്‍ ധോണിക്കൊപ്പം 116 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എങ്കിലും മത്സരത്തില്‍ ഇന്ത്യ 18 റണ്‍സിനു തോറ്റു.കഴിഞ്ഞ ദിവസം ക്രിക്കറ്റ് കമന്ററിക്കിടെ രവീന്ദ്ര ജഡേജ 'അല്ലറ ചില്ലറ' കളിക്കാരന്‍ മാത്രമാണെന്ന മഞ്ജരേക്കറിന്റെ അഭിപ്രായം വിവാദമായിരുന്നു. എജ്ബാസ്റ്റനില്‍ ഇന്ത്യഇംഗ്ലണ്ട് മല്‍സരം നടക്കുമ്പോഴാണ് കമന്ററി ബോക്‌സില്‍ മഞ്ജരേക്കറിന്റെ വിവാദ പരാമര്‍ശം. ഇത്തരം അല്ലറ ചില്ലറ താരങ്ങളെ തനിക്ക് ഇഷ്ടമല്ലെന്നായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്. ഇതിനു പിന്നാലെ മഞ്ജരേക്കര്‍ക്കു മറുപടിയുമായി ജഡേജ തന്നെ രംഗത്തെത്തി. നിങ്ങള്‍ കരിയറില്‍ മൊത്തം കളിച്ച കളികളേക്കാള്‍ കൂടുതല്‍ കളികള്‍ ഞാന്‍ ഇതിനകം കളിച്ചിട്ടുണ്ട്. ഇപ്പോഴും കളി തുടരുകയും ചെയ്യുന്നു. ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്തിട്ടുള്ളവരെ ബഹുമാനിക്കാന്‍ പഠിക്കണം. നിങ്ങളുടെ വായാടിത്തത്തെക്കുറിച്ചു മുന്‍പേ ഞാന്‍ കേട്ടിട്ടുണ്ടെന്നും ജഡേജ ട്വിറ്ററില്‍ പ്രതികരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍